കണ്ണൂർ
കെൽട്രോണിന്റെ പുതിയ ഉൽപ്പന്നം എംപിപി റെക്ടാംഗുലർ കപ്പാസിറ്റർ വിപണിയിലേക്ക്. ഇതുവരെ സിലിണ്ട്രിക്കൽ ആകൃതിയിലുള്ള കപ്പാസിറ്ററുകളാണ് ഉൽപ്പാദിപ്പിച്ചിരുന്നത്. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ചതുരാകൃതിയിലുള്ള ചെറിയ കപ്പാസിറ്ററുകളാണ് വിപിണയിലെത്തിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ കെ ജി കൃഷ്ണകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചൊവ്വ പകൽ 11.30ന് വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്യും.
1974ൽ തുടങ്ങിയ കെൽട്രോൺ കോംപ്ലക്സ് ലിമിറ്റഡ് ഇലക്ട്രോലൈറ്റിക് കപ്പാസിറ്ററുകളുടെ ഉൽപ്പാദനത്തിൽ കേരളത്തിലെ 80 കോടി രൂപ വിറ്റുവരവുള്ള ഏറ്റവും വലിയ സ്ഥാപനവും രാജ്യത്തെ ഒന്നാംനിര കമ്പനികളിലൊന്നുമാണ്. 2017 മുതൽ കമ്പനി ലാഭത്തിലാണ്. രണ്ട് കോടി രൂപ ചെലവിൽ നിർമിച്ച ഈ ഉൽപ്പാദനകേന്ദ്രത്തിൽ 11 മെഷീനുകളാണ് പുതുതായി സ്ഥാപിച്ചത്. ഒരു കോടി രൂപ മുതൽ മുടക്കിയാണ് ഇലക്ട്രോലൈറ്റിക് കപ്പാസിറ്റർ ഉൽപ്പാദനകേന്ദ്രം വിപുലീകരിച്ചത്. വിദേശത്തുനിന്നും ഇറക്കുമതിചെയ്ത പുത്തൻ സാങ്കേതികവിദ്യയിലുള്ള സ്റ്റിച്ചർ കം വൈൻഡർ മെഷീനാണ് സ്ഥാപിച്ചത്. 60 ലക്ഷം രൂപ ചെലവഴിച്ചാണ് വെയർഹൗസ് നിർമിച്ചത്. കെൽട്രോണിന്റേതെന്ന പേരിൽ വ്യാജ കപ്പാസിറ്ററുകൾ വിപണിയിലെത്തിച്ച ഡൽഹിയിലെ സ്ഥാപനം കണ്ടെത്തി അടപ്പിച്ച കണ്ണപുരം പൊലീസിനെ ചടങ്ങിൽ ആദരിക്കും. ജനറൽ മാനേജർ എം പ്രകാശൻ, ജോസ് ജോസഫ്, ടി എസ് അനിൽ, എ ജി ഹരികൃഷ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.