ലോക ഫുട്ബോളിന്റെ 22–-ാംമഹോത്സവത്തിനാണ് ഖത്തറിൽ പന്തുരുളുന്നത്. 1930ൽ ഉറുഗ്വേയിലായിരുന്നു ആദ്യ ലോകകപ്പ്. കിരീടവും അവർ നേടി. 1934, 1938 വർഷങ്ങളിലും തുടർന്നു. എന്നാൽ, ലോകമഹായുദ്ധങ്ങൾ കാരണം 1942ലും 1946ലും പന്തുരുണ്ടില്ല. 1950ൽ തിരിച്ചെത്തി. പിന്നീട് ഒരുതവണപോലും മുടങ്ങാതെ ലോകകപ്പ് നടന്നു. ഏറ്റവും ഒടുവിൽ റഷ്യവരെ. റഷ്യയിൽ ഫ്രാൻസായിരുന്നു ജേതാക്കൾ.
ബ്രസീൽ @5
ഏറ്റവും കൂടുതൽ തവണ വിശ്വകിരീടം ചൂടിയത് ബ്രസീലാണ്. അഞ്ചുവട്ടം. 1958ൽ സാക്ഷാൽ പെലെയുടെ ബൂട്ടുകളിൽ തുടങ്ങിയ ജൈത്രയാത്ര. 1962, 1970, 1994, 2002 പതിപ്പുകളിലും കാനറിപ്പട നേട്ടം ആവർത്തിച്ചു.
831 കളിക്കാർ, 638 പേർ
യൂറോപ്യൻ ക്ലബ്ബുകളിൽനിന്ന്
മുപ്പത്തിരണ്ട് ടീമുകൾ, ആകെ 831 കളിക്കാർ. ഇതിൽ 638 പേരും യൂറോപ്യൻ ക്ലബ്ബുകളിൽനിന്ന്. റഷ്യയിൽനിന്ന് ഖത്തറിലേക്ക് എത്തുമ്പോഴും ലോകകപ്പ് ഫുട്ബോളിലെ യൂറോപ്യൻ ആധിപത്യം തുടർന്നു. ഖത്തറും സൗദി അറേബ്യയുമാണ് സ്വന്തംലീഗുകളിലെ കളിക്കാരുമായി എത്തുന്നത്. ബാക്കിയെല്ലാ ടീമുകളിലും യൂറോപ്, ഏഷ്യ, ലാറ്റിനമേരിക്ക ക്ലബ്ബുകളിലെ താരങ്ങളാണ്. ഏഷ്യൻ ക്ലബ്ബുകളിൽ പന്തുതട്ടുന്ന 112 പേർ ഖത്തറിലുണ്ട്. ലാറ്റിനമേരിക്കയിലെ 76 താരങ്ങളും. ഇംഗ്ലീഷ് പ്രീമിയർ ലീഗാണ് ഏറ്റവും കൂടുതൽ താരങ്ങളെ സംഭാവന ചെയ്തത്. 158 പേർ. രണ്ടാമത് സ്പെയ്നും (86) മൂന്നാമത് ജർമനിയും (81). ലോകകപ്പിന് ഇല്ലാത്ത ഇറ്റലിയിൽനിന്ന് ലീഗ് കളിക്കുന്ന 71 താരങ്ങളും ഖത്തറിൽ ബൂട്ടുകെട്ടും. ആകെ 43 ലീഗുകളിൽനിന്ന് പ്രാതിനിധ്യമുണ്ട്.
ക്ലബ്ബുകളുടെ കണക്കെടുത്താൽ ബാഴ്സലോണയാണ് മുന്നിൽ. ബാഴ്സയിലുള്ള 17 താരങ്ങൾ ലോകകപ്പിനുണ്ട്. ഖത്തർ ക്ലബ് അൽ സാദ് (16), ബയേൺ മ്യൂണിക് (16), മാഞ്ചസ്റ്റർ സിറ്റി (16) എന്നീ ടീമുകളാണ് തൊട്ടുപിന്നിൽ. ഇറാനൊഴികെ മറ്റെല്ലാ ടീമിലും 26 അംഗങ്ങളാണ്. ഏഷ്യൻ ടീമിൽ 25 പേർ.
സ്പോർട്സ് 18,
എം ടിവി ചാനലുകളിൽ
ലോക ഫുട്ബോൾ മാമാങ്കം സ്പോർട്സ് 18 ചാനലിൽ തത്സമയം കാണാം. എം ടിവിയിലും കളിയുണ്ട്. ടിവിയിൽ അല്ലാതെ ഓൺലൈനായി വൂട്ട് സെലക്ടിലും ജിയോ സിനിമയിലും ലോകകപ്പ് ആസ്വദിക്കാം. വൂട്ട് സെലക്ടിൽ കളി കാണാൻ പണം അടയ്ക്കണം. എന്നാൽ, ജിയോ സിനിമയിൽ സൗജന്യമാണ് സേവനം. റിലയൻസ് നേതൃത്വം നൽകുന്ന വയാകോം 18 മീഡിയക്കാണ് ഇന്ത്യയിലെ സംപ്രേഷണാവകാശം. ഇംഗ്ലീഷിലും ഹിന്ദി, മലയാളം, തമിഴ്, ബംഗാളി ഭാഷകളിൽ വിവരണമുണ്ട്.