തിരുവനന്തപുരം> പുനരുപയോഗ ഊർജ ഉൽപ്പാദനത്തിനായി അനെർട്ട് തയ്യാറാക്കിയ പദ്ധതി നിർദേശങ്ങൾ അംഗീകരിച്ചു. മൂന്നു വർഷത്തിനുള്ളിൽ 3000 മെഗാവാട്ട് അക്ഷയ ഊർജ സ്ഥാപിതശേഷി വർധിപ്പിക്കാൻ കഴിയുന്ന രേഖയാണ് തയ്യാറാക്കിയത്. സൗരോർജം, കാറ്റ്, ഹൈഡ്രജൻ, ഇ-മൊബിലിറ്റി എന്നിവയാണ് ശ്രദ്ധാകേന്ദ്രങ്ങൾ.
ഓരോ പദ്ധതിയുടെയും വിശദാംശങ്ങളും സമയക്രമവും ഉൾക്കൊള്ളുന്ന പ്രവർത്തന രൂപരേഖ വികസിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. രൂപരേഖ അടിസ്ഥാനമാക്കി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും പുരോഗതി രേഖ മൂന്നുമാസത്തി ലൊരിക്കൽ സമർപ്പിക്കണമെന്നും അനെർട്ടിന്റെ പരമ്പര്യേതര ഊർജോൽപ്പാദനത്തിന്റെ റോഡ് മാപ്പ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.
വ്യക്തിഗത കർഷകരുടെ കാർഷിക പമ്പ് സൗരോർജത്തിലേക്ക് മാറ്റുന്നതിന് ഗ്രിഡ്ബന്ധിത സൗരോർജ നിലയം സ്ഥാപിക്കും. തിരുവനന്തപുരത്തെ സോളാർ സിറ്റിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ എല്ലാ വീടുകളിലും സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കും. എല്ലാ സർക്കാർ കെട്ടിടങ്ങളിലും റെസ്കോ മോഡിൽ സോളാർ പ്ലാന്റ് സ്ഥാപിക്കും. പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും പിന്തുണ നൽകും.
സാധ്യമായ എല്ലാ ആദിവാസി ഊരുകളിലും നാലുവർഷത്തിനുള്ളിൽ മൈക്രോ ഗ്രിഡുകൾ/ഹൈബ്രിഡ് പവർ പ്ലാന്റുകൾ സ്ഥാപിക്കും.
പച്ചക്കറികളും പഴങ്ങളും സംഭരിക്കാൻ 8 എംടി ശേഷിയുള്ള സോളാർ അധിഷ്ഠിത കോൾഡ് സ്റ്റോറേജ് സംവിധാനം പാലക്കാട് സ്ഥാപിക്കും. മീൻപിടിത്ത ബോട്ടുകളിൽ അനുബന്ധ വൈദ്യുത ആവശ്യങ്ങൾ നിറവേറ്റാൻ സോളാർ വിൻഡ് ഹൈബ്രിഡ് പവർപ്ലാന്റുകൾ സ്ഥാപിക്കും. ഐഐടി, എൻഐടി, സംസ്ഥാന––കേന്ദ്ര സർവകലാശാലകൾ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി ചേർന്ന് പാലക്കാട് കുഴൽമന്ദത്ത് മികവിന്റെ കേന്ദ്രവും സ്ഥാപിക്കും. യോഗത്തിൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി, അനെർട്ട് സിഇഒ നരേന്ദ്രനാഥ് വെല്ലൂരി തുടങ്ങിയവരും പങ്കെടുത്തു.