ഭുവനേശ്വർ> നബാർഡിനെയും അതിന്റ ഉദ്ദേശലക്ഷ്യങ്ങളെയും ശക്തിപ്പെടുത്തുന്നതിനായി നബാർഡിനെ റിസർവ് ബാങ്കിലേക്ക് തിരിച്ച് ലയിപ്പിക്കണമെന്ന് ആൾ ഇന്ത്യ നബാർഡ് എംപ്ലോയീസ് അസോസിയേഷൻ (AINBEA) ജനറൽ സെക്രട്ടറി റാണാ മിത്ര. “ഇന്ത്യയിലെ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിയും അത് പരിഹരിക്കുന്നതിനായി നബാർഡിന് വഹിക്കുവാനുള്ള പങ്കും” എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാല് ലക്ഷത്തോളം കർഷകർ ആത്മഹത്യ ചെയ്ത രാജ്യത്ത് കർഷകരെ കൂടുതൽ ദ്രോഹിക്കുന്നതും കോർപ്പറേറ്റുകളെ സഹായിക്കുന്നതും ആയ കാർഷിക നിയമങ്ങളെ കുറിച്ചും പൊതുമേഖലാ ബാങ്കുകളെയും പ്രാദേശിക ഗ്രാമീണ ബാങ്കുകളെയും സ്വകാര്യവൽ സ്വകാര്യവൽക്കരിക്കുകയും, നബാർഡിന്റെയും സഹകരണ ബാങ്കുകളുടെയും ഉദ്ദേശലക്ഷ്യങ്ങളിൽ വെള്ളം ചേർക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ തെറ്റായ നയ സമീപനങ്ങളെയും സെമിനാറിൽ തുറന്നുകാട്ടി.
സാമ്പത്തിക ശാസ്ത്രജ്ഞനും ഭുവനേശ്വർ ഡെവലപ്മെൻറ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറുമായി കിഷോർ സി സമാൽ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തി. ചെറുകിട/നാമമാത്ര കർഷകകർക്കും, ഭൂരഹിത കർഷിക തൊഴിലാളികൾക്കും വ്യവസ്ഥാപിത സ്ഥാപനങ്ങളിൽ നിന്ന് വായ്പ്കൾ ലഭിക്കാത്ത അവസ്ഥ, കാർഷികോല്പനങ്ങളുടെ വിലയിടിവ്, കൃഷിഭൂമിയുടെ കാർഷികേതര ആവശ്യങ്ങൾക്കായുള്ള വൻതോതിലുള്ള വിനിയോഗം, കോർപ്പറേറ്റ് കൃഷിയെ പ്രോത്സാഹിപ്പിക്കൽ, കാലാവസ്ഥാ വ്യതിയാനങ്ങൾ ഏൽപ്പിക്കുന്ന ആഘാതങ്ങൾ തുടങ്ങിയ ഇന്ത്യൻ കാർഷിക മേഖല നേരിടുന്ന നാനാവിധ പ്രതിസന്ധികളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ നേതാവ് പ്രദീപ് സാരംഗിയും സെമിനാറിൽ സംസാരിച്ചു.
ഒമ്പതാമത് സേവന-വേതന പരിഷ്കരണത്തിനായുള്ള അവകാശ പത്രികയ്ക്ക് അന്തിമരൂപം നൽകുന്നതിനും, മാനേജ്മെന്റിന് സമർപ്പിക്കുവാനുള്ള മറ്റ് അവകാശങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനും വേണ്ടി ഭുവനേശ്വറിൽ ചേർന്ന കേന്ദ്ര കമ്മറ്റി യോഗത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. ഇതര ട്രേഡ് യൂണിയൻ സംഘടനകളുമായി കൈകോർത്തുകൊണ്ട് നബാർഡിനേയും പൊതുമേഖലാ ബാങ്കുകളെയും സ്വകാര്യവൽക്കരിക്കുന്നതിനുള്ള നീക്കങ്ങളെ ചെറുക്കുന്നതിനുള്ള കർമ്മ പരിപാടികൾക്ക് 18, 19 തിയ്യതികളിലായി ചേർന്ന കേന്ദ്ര കമ്മിറ്റി യോഗം രൂപം നൽകി.