കൽപ്പറ്റ > ദേശാഭിമാനി എൺപതാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള വയനാട് ടൂറിസം കോൺക്ലേവിന് വൻ പങ്കാളിത്തത്തോടെ തുടക്കമായി. കോൺക്ലേവ് വൈത്തിരി വില്ലേജ് റിസോർട്ടിൽ പൊതുമരാമത്ത് – ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. 13 വിഷയങ്ങളിലായി ടൂറിസം മേഖലയിലെ വിദഗ്ദ്ധരാണ് വിഷയങ്ങൾ അവതരിപ്പിക്കുന്നത്. കോൺക്ലേവിൽ ഉയരുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ടൂറിസം വകുപ്പിന് കൈമാറും. ടൂറിസം വകുപ്പ്, വയനാട് ടൂറിസം ഓർഗനൈസേഷൻ, വൈത്തിരി വില്ലേജ് റിസോർട്ട്, കെടിഡിസി, ഡിടിപിസി എന്നിവയുമായി ചേർന്ന് നടത്തുന്ന കോൺക്ലേവിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 300 പ്രതിനിധികൾ പങ്കെടുക്കുന്നത്.
ടൂറിസം കോൺക്ലേവിൽ പങ്കെടുക്കുന്ന പ്രതിനിധികൾ
മൂന്ന് സെഷനുകളായാണ് വിഷയാവതരണം. ഓരോന്നിലും പാനൽ ചർച്ചയുമുണ്ടാകും. ഉത്തരവാദിത്വ ടൂറിസം കേന്ദ്രങ്ങൾ: വികസനവും കാഴ്ച്ചപ്പാടും എന്ന സെഷനിൽ കാലാവസ്ഥ, ആവാസ വ്യവസ്ഥ, മാലിന്യ സംസ്കരണം–ഷിബു കെ നായർ, പശ്ചാത്തല സൗകര്യങ്ങൾ, നിർമിതികൾ–-രോഹിണി പ്രസാദ്, തോട്ടംഭൂമി, ബംഗ്ലാവ് ടൂറിസം, ഭൂനിയമങ്ങൾ, ഭേദഗതികൾ–അനൂപ് പാലുകുന്ന്, ഉത്തരവാദിത്വ ടൂറിസവും വയനാടും എന്നവിഷയത്തിൽ -സിജോ മാനുവലും പേപ്പറുകൾ അവതരിപ്പിക്കും.
അനുഭവ ടൂറിസം: വികസന സാധ്യതകൾ എന്ന സെഷനിൽ ഹോം സ്റ്റേ ടൂറിസം–-വിനോദ് രവീന്ദ്രപ്രസാദ്, ഗ്രാമീണ–-കാർഷിക–-പൈതൃക ടൂറിസം–-കെ ആർ വാഞ്ചിശ്വരൻ, ആരോഗ്യ ടൂറിസം–-സജീവ് കുറുപ്പ്, എംഐസിഇ ടൂറിസം–-രാജു കുന്നമ്പുഴ, സാഹസിക ടൂറിസത്തിൽ പ്രദീപ് മൂർത്തി എന്നിവരാണ് വിഷയങ്ങൾ അവതരിപ്പിക്കുക.
പുത്തൻ സാധ്യതകൾ, പ്രയോജനങ്ങൾ എന്ന സെഷനിൽ സഞ്ചാരികളുടെ ആസ്വാദനം: കല, സംസ്കാരം, നിശാജീവിതം–- ബോസ് കൃഷ്ണമാചാരി, ടൂറിസം വ്യവസായവും ഉത്തരവാദിത്വങ്ങളും–ജോണി അബ്രഹാം ജോർജ്, വയനാട് ലോക ടൂറിസം വിപണിയിലേക്ക്–-റോയ് ചാക്കോ, നൈപുണ്യ വികസനത്തിൽ -എം ആർ ദിലീപ് എന്നിവരാണ് വിഷയാവതാരകർ.
ഒ ആർ കേളു എംഎൽഎ, കലക്ടർ എ ഗീത, ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.