ബാലുശ്ശേരി> ബാലുശ്ശേരി ബസ്സ് സ്റ്റാന്റിനുള്ളിൽ ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂനത്ത് ചേരത്തൊടി വയലിൽ ഇമ്പിച്ചി മൊയ്തീന്റെ മകൻ മഞ്ഞപ്പാലം കാട്ടാമ്പള്ളിക്കൽ മൻസൂറിനെ (38) യാണ് ബസ്സു സ്റ്റാന്റിലെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടത്. ശനിയാഴ്ച രാവിലെ സ്റ്റാന്റിലെത്തിയവരാണ് മൃതദ്ദേഹം കണ്ടത്. പൊലീസെത്തി മൃതദേഹം കെ കെ ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തിൽ പരിക്കേറ്റ പാടുകളുണ്ട്. പിടിവലി നടന്നതായും ഷർട്ട് കീറിയ നിലയിലുമാണ്.
വെള്ളിയാഴ്ച രാത്രി മൻസൂറിനൊപ്പം ബസ്സ് സ്റ്റാന്റിലേക്ക് ബൈക്കിലെ എത്തിയതെന്ന് സംശയിക്കുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. ബാലുശ്ശേരി എസ് ഐ കെ റഫീഖിന്റെ നേതൃത്വത്തിൽ ഇൻക്വിസ്റ്റ് നടത്തി മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആസ്പത്രിയിലേക്കയച്ചു. ഉമ്മ: സുബൈദ. ഭാര്യ: ഹാജിറ. മക്കൾ: റീനു , മുഹമ്മദ് സിനാൻ. സഹോദരൻ: ഷംസീർ.