കൊച്ചി
നൈജീരിയൻ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ളവരുടെ മോചനം വീണ്ടും അന്താരാഷ്ട്ര ട്രിബ്യൂണലിന്റെ മുന്നിലേക്ക്. കപ്പൽ രജിസ്റ്റർ ചെയ്ത ദ്വീപുരാജ്യമായ മാർഷൽ ഐലൻഡ്സ് നൈജീരിയയെ എതിർകക്ഷിയാക്കി കടൽനിയമങ്ങൾക്കായുള്ള അന്താരാഷ്ട്ര ട്രിബ്യൂണലിനെ (ഇന്റർനാഷണൽ ട്രിബ്യൂണൽ ഫോർ ദി ലോ ഓഫ് ദി സീ) സമീപിക്കും. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ട്രിബ്യൂണലിന്റെ ഉത്തരവ് മോചനത്തിൽ സഹായകമാകും.
നാവികരെ നൈജീരിയക്ക് കൈമാറിയതോടെ ഇക്വറ്റോറിയൽ ഗിനിയെ എതിർകക്ഷിയാക്കി മാർഷൽ ഐലൻഡ്സ് ട്രിബ്യൂണലിൽ നൽകിയ കേസിന് സാധുതയില്ലാതായി. പരാതി പിൻവലിക്കുന്നതായി 14ന് കത്ത് നൽകി. കേസുകളുടെ പട്ടികയിൽനിന്ന് ട്രിബ്യൂണൽ ഇത് 15ന് പിൻവലിച്ച് ഉത്തരവിട്ടു. മൂന്ന് മലയാളികളടക്കം 16 ഇന്ത്യക്കാരും 10 വിദേശികളുമാണ് ഒഎസ്എം മാരിടൈം നോർവെ എന്ന കമ്പനിയുടെ കീഴിലുള്ള ഹീറോയിക് ഇഡുൻ എണ്ണക്കപ്പലിലുള്ളത്.
കടൽനിയമങ്ങളിൽ സൂക്ഷ്മപരിശോധന നടത്തിയും സമുദ്രാതിർത്തി ലംഘനമുണ്ടെങ്കിൽ അതുകൂടി വിലയിരുത്തിയുമാകും ട്രിബ്യൂണൽ ഉത്തരവ്. ഇത് അനുസരിക്കാൻ നൈജീരിയ ബാധ്യസ്ഥരാകും. ക്രൂഡ് ഓയിൽ മോഷണം, സമുദ്രാതിർത്തി ലംഘനം എന്നിവയാണ് കപ്പലിനെതിരെ നൈജീരിയയുടെ ആരോപണങ്ങൾ.
സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ഇക്വറ്റോറിയൽ ഗിനി നാവികസേന ആഗസ്ത് ഒമ്പതിനാണ് കപ്പൽ പിടിച്ചത്. ജീവനക്കാർ 102 ദിവസമായി തടവിലാണ്. അതേസമയം, കപ്പലിലുള്ളവരെ ബന്ധുക്കളുമായി ആശയവിനിമയം നടത്താൻ രണ്ടു ദിവസമായി നൈജീരിയൻ സേന അനുവദിച്ചിട്ടില്ല. മൊബൈൽ ഫോണുകൾ സേന വാങ്ങിവച്ചു. ഇ–-മെയിൽവഴിയുള്ള ആശയവിനിമയവും സമ്മതിക്കുന്നില്ല.