കെയ്റോ
കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടാകുന്ന ദുരന്തങ്ങൾ അനുഭവിക്കുന്ന ദരിദ്ര രാഷ്ട്രങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ പ്രത്യേക സംവിധാനം രൂപീകരിക്കാൻ തയ്യാറെന്ന് യൂറോപ്യൻ യൂണിയൻ. വികസിത രാഷ്ട്രങ്ങൾ ഹരിതവാതകങ്ങൾ വൻതോതിൽ പുറന്തള്ളുന്നതാണ് ആഗോളതാപനത്തിന് കാരണമെന്നും അതിനാലുണ്ടാകുന്ന വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള ദുരന്തങ്ങൾ തങ്ങളെയാണ് ഗുരുതരമായി ബാധിക്കുന്നതെന്നും നൂറ്റിമുപ്പതിലധികം വികസ്വര രാഷ്ട്രങ്ങൾ കഴിഞ്ഞ വർഷത്തെ ഉച്ചകോടിയിലും ചൂണ്ടിക്കാട്ടിയിരുന്നു.
ഇത്തരം ദുരന്തങ്ങൾ നേരിടാൻ നഷ്ടപരിഹാരം നൽകണമെന്നുള്ള അവരുടെ ആവശ്യം ഇത്തവണയും അംഗീകരിക്കാൻ വൻകിട രാഷ്ട്രങ്ങൾ തയ്യാറായില്ല. തുടർന്ന് ചർച്ച അനന്തമായി നീണ്ടപ്പോഴാണ് പരിഹാര നിർദേശവുമായി ഇയു മുന്നോട്ടുവന്നത്.
യുഎൻ കാലാവസ്ഥാ ഏജൻസി വ്യാഴാഴ്ച നാശനഷ്ടവുമായി ബന്ധപ്പെട്ട് ഇറക്കിയ പ്രസ്താവനയിൽ മൂന്നു നിർദേശമാണ് വച്ചത്–- നഷ്ടപരിഹാരം നൽകാൻ പ്രത്യേക സംവിധാനം രൂപീകരിക്കുക, ഫണ്ട് സംബന്ധിച്ച തീരുമാനം അടുത്ത വർഷം യുഎഇയിൽ നടക്കുന്ന സിഒപി 28 ഉച്ചകോടിയിലേക്ക് മാറ്റുക, ഫണ്ട് സ്വരൂപണവും അവിടെ ചർച്ച ചെയ്യുക. എന്നാൽ, ഈ ഉച്ചകോടിയിൽത്തന്നെ തീരുമാനമെടുക്കണമെന്ന് 58 രാഷ്ട്രങ്ങളുടെ ക്ലൈമറ്റ് വൾണറബിൾ ഫോറം നിലപാടെടുത്തതോടെ ചർച്ച നീണ്ടു. ഇതോടെ ഉച്ചകോടി ശനിയാഴ്ചത്തേക്കുകൂടി നീട്ടുകയായിരുന്നു.