കണ്ണൂർ> കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആർഎസ്എസ് പ്രീണന വിഷയത്തിൽ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി നടത്തിയ കരണം മറച്ചിൽ പ്രബുദ്ധ കേരളത്തെയും അണികളെയും വിഡ്ഢികളാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
ആർഎസ്എസിനെ വെള്ളപൂശാനും നെഹ്റു അടക്കമുള്ള കോൺഗ്രസ് നേതാക്കളെ സംഘപരിവാർ അനുകൂലികളാക്കാനും സുധാകരൻ നടത്തിയ ആപൽക്കരമായ നീക്കങ്ങൾ ആർക്കും നിയന്ത്രിക്കാനാവാത്ത നാക്കുപിഴ മൂലമാണെന്ന വിശദീകരണത്തോടെ ലീഗ് നേതൃത്വത്തിന് സമാധാനമായത്രെ. ഒരാളും സുധാകരനെതിരെ മിണ്ടിപ്പോകരുത് എന്ന ശാസനയാണ് നേതൃത്വം പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ആത്മവഞ്ചനവയും പിത്തലാട്ടവും ഇനിയും കൊണ്ടുനടക്കാനാവില്ലെന്ന് ലീഗ് നേതാക്കൾക്ക് ഉടനെ മനസ്സിലാവും.
കോൺഗ്രസിനെ ഇത്രകണ്ട് വർഗീയവത്കരിക്കുന്നതിൽ മുസ്ലിം ലീഗിന്റെ തരംതാഴ്ന്ന നിലാപടാണ് വഴിവെച്ചത്. ബാബരി പള്ളി തകർക്കപ്പെട്ട അവസരത്തിൽ പി വി നരസിംഹ റാവുവിനോട് രാജി ആവശ്യപ്പെട്ടതിനാണ് ഇബ്രാഹിം സുലൈമാൻ സേട്ടിനെ ലീഗ് കേരള നേതൃത്വം ദേശീയ പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്താക്കിയത്. കോൺഗ്രസ് വിഴുപ്പ് എത്രനാൾ കൊണ്ടുനടക്കണമെന്ന് ലീഗണികൾ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.