ദോഹ
അവസാന ആയുധവും മൂർച്ചകൂട്ടി ടീമുകൾ. ഖത്തറിലെത്തിയ ടീമുകൾ പരിശീലനം തുടങ്ങി. ലോകകപ്പിനുള്ള 32 ടീമുകളിൽ പകുതിയോളം അറബ് നാട്ടിൽ വിമാനമിറങ്ങി. ബാക്കി ടീമുകൾ ഇന്നും നാളെയുമായി നടക്കുന്ന സൗഹൃദപ്പോരിനുശേഷമെത്തും. ഡെൻമാർക്കും നെതർലൻഡ്സും ഇംഗ്ലണ്ടും എത്തിയ ടീമുകളിൽ ഉൾപ്പെടും. അർജന്റീന സൗഹൃദമത്സരത്തിനുശേഷം ഇന്നെത്തും. യൂറോപ്യൻ ലീഗിനുശേഷം കളിക്കാർക്ക് ദേശീയ ടീമിൽ ഒന്നിച്ച് അണിനിരക്കാൻ ആവശ്യമുള്ള സമയം കിട്ടിയിട്ടില്ല. ടീമിന്റെ ഒത്തിണക്കത്തെ ഇത് ബാധിക്കുമെന്ന ആശങ്ക പരിശീലകർക്കുണ്ട്.
നെതർലൻഡ്സ് ടീം ഖത്തർ യൂണിവേഴ്സിറ്റി പരിശീലനകേന്ദ്രത്തിലാണ് പന്ത് തട്ടിയത്. പരിശീലകൻ ലൂയിസ് വാൻ ഗാലിന്റെ നേതൃത്വത്തിൽ ടീം മണിക്കൂറുകൾ പരിശീലനം നടത്തി. ഫ്രെങ്കി ഡി യോങ്, ഡാലി ബ്ലിൻഡ്, വിർജിൽ വാൻ ഡിക്ക്, മതിസ് ഡി ലിറ്റ്, റെംകോ പസ്വീർ, മെംഫിസ് ഡിപെ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം കളത്തിലുണ്ടായിരുന്നു. ദോഹയിലെ സയൻസ് ആൻഡ് ടെക്നോളജി പരിശീലനകേന്ദ്രത്തിലായിരുന്നു സ്വിറ്റ്സർലൻഡ് ടീം. ഷെർദാൻ ഷക്കീരിയും ഗ്രാനിത് ഷാക്കയും ഉൾപ്പെടെയുള്ള താരങ്ങളിറങ്ങി.
അമേരിക്കൻ ടീമിന്റെ പരിശീലനം കാണാൻ ആരാധകരെത്തിയിരുന്നു. ദക്ഷിണ കൊറിയൻ താരം സൺ ഹ്യുങ് മിൻ മുഖസംരക്ഷണ കവചം ധരിച്ചാണെത്തിയത്. ലീഗ് മത്സരത്തിനിടെ സണ്ണിന് കണ്ണിനുമുകളിൽ പരിക്കേറ്റിരുന്നു. പരിക്കിന്റെ ആശങ്കകളില്ലാതെ സൺ കളിക്കാനിറങ്ങിയപ്പോൾ ദക്ഷിണ കൊറിയക്ക് അത് ആവേശമായി. ഇംഗ്ലണ്ട് ടീമും കടുത്ത പരിശീലനത്തിലായിരുന്നു. ക്യാപ്റ്റൻ ഹാരി കെയ്നിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. വെയ്ൽസ്, ഇക്വഡോർ ടീമുകളും കഴിഞ്ഞദിവസം ഖത്തറിൽ എത്തിച്ചേർന്നു.















