തിരുവനന്തപുരം> പ്രാഥമിക ഗണിതശേഷി എല്ലാ കുട്ടികള്ക്കും ഉറപ്പാക്കുന്നതിന് കെ ഡിസ്കിന്റെ നേതൃത്വത്തില് ആരംഭിച്ച നൂതന പദ്ധതിയായ ‘മഞ്ചാടി’ ഘട്ടം ഘട്ടമായി മുഴുവന് സ്കൂളുകളിലും വ്യാപിപ്പിക്കും. ആദ്യഘട്ടമെന്ന നിലയില് 100 സ്്കൂളുകളില് ഈ വര്ഷം പദ്ധതി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്ദ്ദേശിച്ചു. നവകേരളം കര്മ്മ പദ്ധതി സംസ്ഥാനതല അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
വലിച്ചെറിയല് മുക്ത കേരളം എന്ന ക്യാമ്പയിനിന്റെ ഭാഗമായി ജനുവരി 26 മുതല് 30 വരെ ഒറ്റത്തവണ ശുചീകരണയജ്ഞം നടത്തും. ജലാശയങ്ങളിലേക്ക് മാലിന്യം ഒഴുക്കുന്നത് കര്ശനമായി തടയണമെന്ന് മുഖ്യമന്ത്രി നിര്ദ്ദേശിച്ചു.
ഭൂരരഹിത-ഭവനരഹിത ഗുണഭോക്താക്കള്ക്ക് ഭൂമി ലഭ്യമാക്കുന്നതിന് ലൈഫ് പദ്ധതിയുടെ ഭാഗമായി ആവിഷ്ക്കരിച്ച ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിന് ശക്തിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയില് കരാര് വെയ്ക്കല്, നിര്മ്മാണം, പൂര്ത്തീകരിക്കല് എന്നീ ഘട്ടങ്ങളില് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേരിട്ടുള്ള ഇടപെടല് വളരെ പ്രധാനമാണ്. അവരെ അതിന് പ്രാപ്തരാക്കാന് ലൈഫ് മിഷന് കഴിയണം. വിവിധ സാമൂഹ്യ സംഘടനകളുടെ പങ്കാളിത്തം ഉറപ്പാക്കാനാകണം. ജനകീയ പങ്കാളിത്തം എല്ലാ ഘട്ടങ്ങളിലും ഉണ്ടാകണം- മന്ത്രി പറഞ്ഞു
യോഗത്തില് മന്ത്രിമാരായ വി ശിവന്കുട്ടി, എം ബി രാജേഷ്, ജെ ചിഞ്ചുറാണി, റോഷി അഗസ്റ്റിന്, കെ കൃഷ്ണന്കുട്ടി, വി അബ്ദുറഹ്മാന്, വീണാ ജോര്ജ്, നവകേരളം കര്മ്മ പദ്ധതി കോ-ഓര്ഡിനേറ്റര് ടി എന് സീമ, ചീഫ് സെക്രട്ടറി വി പി ജോയ് അടക്കമുള്ള ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.















