കോഴിക്കോട്> കുഫോസ് വൈസ് ചാന്സലര് നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ഗവര്ണറുടെ നിലപാടിനെ ശരിവെയ്ക്കുന്നതാണെന്ന് പറയാനാകില്ലെന്ന് മന്ത്രി ആര് ബിന്ദു. കുഫോസിന്റെ ചുമതല ഫിഷറീസ് വകുപ്പിനാണെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലല്ല വരുന്നതെന്നും മന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലല്ലാത്തതിനാല് കൂടുതല് വിവരങ്ങള് കൈവശമില്ല, ഹൈക്കോടതി ഉത്തരവ് സംബന്ധിച്ച് പരിശോധനയ്ക്ക് ശേഷം പ്രതികരിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
യുജിസി ചട്ടങ്ങള് അനുസരിച്ച് മാത്രമേ വൈസ് ചാന്സലര്മാരെ നിയമിക്കാന് സാധിക്കുകയുള്ളൂ, അങ്ങനെ മാത്രമാണ് നിയമനങ്ങള് നടന്നിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്ത്തു. നിയമനം യുജിസി ചട്ടപ്രകാരം അല്ലെന്ന ഹര്ജി അംഗീകരിച്ചായിരുന്നു കുഫോസ് വി സി നിയമനം റദ്ദാക്കാനുള്ള കോടതിയുടെ ഉത്തരവ്. കുഫോസ് വി സിയായി ഡോ. റിജി ജോണിനെ നിയമിച്ച 2021ലെ സെര്ച്ച് കമ്മിറ്റിയുടെ തീരുമാനമാണ് യുജിസി ചട്ടപ്രകാരം അല്ലെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വി സിയുടെ നിയമനം അസാധുവാക്കിയത്.















