കൊച്ചി > എന്തൊക്കെ വ്യാഖ്യാനം കൊടുത്താലും ബോഡി ഷെയിമിങ്ങ് പ്രയോഗങ്ങൾ ഏറ്റവും മോശം തന്നെയെന്ന് മന്ത്രി വി ശിവൻകുട്ടി. സ്നേഹത്തോടെ എന്ന മട്ടിൽ ആണത് പറയുക. നമ്മുടെ സമൂഹത്തിൽ നിരവധി തലങ്ങളിൽ ഇത് നടക്കുന്നുണ്ട്. ബോഡി ഷെയിമിങ്ങിന് ഇരയായി മാനസിക നില പോലും തകർന്ന നിരവധി പേർ നമ്മുടെ ഇടയിൽ ഉണ്ട്. ബോഡി ഷെയിമിങ്ങ് നമ്മൾ അവസാനിപ്പിക്കണമെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
മന്ത്രിയുടെ കുറിപ്പ്:
കഴിഞ്ഞ ദിവസം കരിങ്കുന്നം എൽ പി സ്കൂളിലെ കുട്ടികൾ എന്റെയൊപ്പം സെൽഫി എടുക്കുന്ന ചിത്രം ഞാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന് താഴെ ഒരു വ്യക്തി “വയറ് സ്വൽപം കുറക്കണം കേട്ടോ” എന്ന് കമന്റ് ഇട്ടിരുന്നു. ബോഡി ഷെയിമിങ്ങ് ആധുനിക കാലത്ത് ഹീനമായ കൃത്യമാണെന്ന് ചൂണ്ടിക്കാട്ടി ഞാൻ മറുപടിയും കൊടുത്തിരുന്നു.
എന്തൊക്കെ വ്യാഖ്യാനം കൊടുത്താലും ബോഡി ഷെയിമിങ്ങ് പ്രയോഗങ്ങൾ ഏറ്റവും മോശം തന്നെ. സ്നേഹത്തോടെ എന്ന മട്ടിൽ ആണത് പറയുക. നമ്മുടെ സമൂഹത്തിൽ നിരവധി തലങ്ങളിൽ ഇത് നടക്കുന്നുണ്ട്. ബോഡി ഷെയിമിങ്ങിന് ഇരയായി മാനസിക നില പോലും തകർന്ന നിരവധി പേർ നമ്മുടെ ഇടയിൽ ഉണ്ട്. ബോഡി ഷെയിമിങ്ങ് നമ്മൾ അവസാനിപ്പിക്കണം എന്ന് ഞാൻ ആവർത്തിക്കുകയാണ്. നമുക്ക് ആധുനിക മനുഷ്യരാവാം.
എന്റെ വാട്സ്ആപ്പിൽ ഒരു വ്യക്തി അയച്ച സന്ദേശം വ്യക്തിവിവരങ്ങൾ മറച്ചു വെച്ച് ഞാൻ ഇവിടെ ഷെയർ ചെയ്യുകയാണ്. ബോഡി ഷെയിമിങ്ങ് മൂലം ഒരു കുട്ടിയ്ക്കുണ്ടായ പ്രയാസങ്ങൾ വിവരിക്കുകയാണ് ഈ സന്ദേശത്തിൽ.
സന്ദേശം ഇങ്ങനെ:
ഇന്ന് സഖാവ് fb യിൽ ഇട്ട പ്രൊഫൈൽ പിക്ചറിന് താഴെ ബോഡി shaming നെ കുറിച്ച് പറഞ്ഞത് കണ്ടു. എന്റെ ഒരു വിഷമം അറിയിക്കാനാണ് ഈ മെസ്സേജ്. എന്റെ അനിയൻ എട്ടാം ക്ലാസ്സിൽ ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള സ്കൂളിൽ ആണ് പഠിച്ചിരുന്നത്. അവന്റെ ക്ലാസ്സിൽ ഉള്ള മറ്റു കുട്ടികൾ അവൻ കറുത്തിട്ടാണ്, എന്ന് പറഞ്ഞു എപ്പോഴും കളിയാക്കുമെന്നും അവനെ ആരും കൂടെ കൂട്ടില്ല ബെഞ്ചിൽ നിന്നും തള്ളി മാറ്റിയിരുത്തും എന്നൊക്കെ പറഞ്ഞു ഒരുപാട് ദിവസം സങ്കടപ്പെട്ടിരിക്കുന്നത് കണ്ടപ്പോൾ ഞങ്ങൾ ക്ലാസ്സ് അധ്യാപകനെ വിവരം അറിയിച്ചു.
അതിന് ശേഷം കുട്ടികൾ മുഴുവൻ ഇവനെതിരായി. അവനെ കളിയാക്കുന്നത് കൂടാതെ അടുത്ത ക്ലാസ്സിൽ ഉള്ള കുട്ടികളോട് പോലും അവനോട് മിണ്ടരുത്, കളിക്കാൻ കൂട്ടരുത് എന്നൊക്കെ പറഞ്ഞു അവനെ ഒറ്റപ്പെടുത്തി. ക്ലാസ്സിൽ ഒരാൾ പോലും അവനോട് മിണ്ടാതായി. നന്നായി പഠിച്ചിരുന്ന കുട്ടി ഒരുപാട് വിഷയത്തിൽ തോറ്റു. എന്നും തലവേദനയും കരച്ചിലും.
അങ്ങനെ ഞങ്ങൾ അവനെ മറ്റൊരു സ്കൂളിൽ ചേർത്തു. പുതിയ യൂണിഫോം വാങ്ങിക്കാനും സ്കൂളിൽ പോയി വരാനും ഒക്കെ cash ചിലവായി. വീടിന്റെ തൊട്ടടുത്ത് സ്കൂൾ ഉണ്ടായിട്ടും ഒരുപാട് ദൂരെ ആണ് ഇപ്പൊ അവൻ പഠിക്കുന്നത്. അവിടെ അവൻ ok ആണ്.. പക്ഷെ നിറമില്ല ഭംഗിയില്ല എന്നൊക്കെയുള്ള ചിന്ത അവനിൽ ഉണ്ട്. അവൻ നന്നായി ഫുട്ബോൾ കളിക്കും. സ്കൂൾ ടീമിൽ ഒക്കെ ഉണ്ടായിരുന്നു. ഇപ്പൊ ഒന്നും ഇല്ല. കളിക്കാൻ പോവില്ല. ഒരു പരിപാടികൾക്കും പോവില്ല. ഞങ്ങൾ വളരെ വിഷമത്തിൽ ആയിരുന്നു ഈ കഴിഞ്ഞ ദിവസങ്ങൾ..
ഞാൻ ഒരു അധ്യാപകവിദ്യാർത്ഥിയാണ്. ബോഡി shaming നെ കുറിച്ച് കുട്ടികളിൽ ബോധവൽക്കരണം നടത്തേണ്ടത് അധ്യാപകരല്ലേ സാർ? പാഠപുസ്തകങ്ങളിലെങ്കിലും ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു..
ഈ സന്ദേശം അയച്ച വ്യക്തിക്ക്, താങ്കൾ അയച്ച ഈ സന്ദേശം അത്യന്തം ഗൗരവമായി തന്നെയാണ് ഞാൻ കാണുന്നത്. പാഠ്യപദ്ധതിയുടെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട ബോധവൽക്കരണം എങ്ങനെ നടപ്പാക്കാം എന്ന കാര്യം നമുക്ക് ആലോചിക്കാം. ഒപ്പം തന്നെ അധ്യാപക പരിശീലന പരിപാടിയിൽ ഇത്തരം വിഷയങ്ങൾ വരുമ്പോൾ എങ്ങിനെ ഇടപെടാം എന്നത് സംബന്ധിച്ച മാർഗനിർദേശങ്ങളും പരിഗണിക്കാം.
എട്ടാം ക്ളാസിൽ പഠിക്കുന്ന അനിയനോട് എനിക്ക് സംസാരിക്കാൻ താല്പര്യം ഉണ്ടെന്ന് അറിയിക്കൂ. അവന് ആത്മവിശ്വാസം പകരൂ..സമ്പത്തോ വർണമോ അല്ല ആത്യന്തികമായി ഒരു വ്യക്തിയെ നിർണയിക്കുക, നന്മ,കാരുണ്യം, സന്തോഷം ഇതൊക്കെ ആകണം ജീവിത ലക്ഷ്യങ്ങൾ..