സിനിമയും പൊതുപ്രവർത്തനവുമായി ഓടിനടക്കുകയാണ് പി പി കുഞ്ഞികൃഷ്ണൻ
ഓരോ വെള്ളിയാഴ്ചയും ഓരോ പുതിയ സിനിമാക്കാരൻ പിറക്കുമെന്നാണ് പറയാറ്. പക്ഷേ, 2022 ആഗസ്ത് 11 വ്യാഴാഴ്ചയായിരുന്നു. അന്നായിരുന്നു ‘ന്നാ താൻ കേസ് കൊട്’ തിയറ്ററിൽ എത്തിയത്. പി പി കുഞ്ഞികൃഷ്ണൻ എന്ന നടനെ മലയാളക്കര കണ്ട ദിവസമായിരുന്നു അത്. മജിസ്ട്രേട്ടിന്റെ വേഷത്തിൽ എത്തിയ കുഞ്ഞികൃഷ്ണൻ അന്നുമുതൽ താരമായി. കോടതിയിലെ ഡയലോഗുകൾ തിയറ്ററിലും സോഷ്യൽ മീഡിയയിലുമെല്ലാം ആഘോഷമായി. സിപിഐ എം ഉദിനൂർ ലോക്കൽ കമ്മിറ്റി അംഗമായ കുഞ്ഞികൃഷ്ണന് ഇന്ന് കൈനിറയെ സിനിമകളാണ്. കുഞ്ഞികൃഷ്ണൻ സംസാരിക്കുന്നു:
ഇതൊന്നും പ്രതീക്ഷിച്ചതല്ല
‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ ഓഡിഷൻ കാസർകോട്ട് ആയതുകൊണ്ടു മാത്രമാണ് പോയത്. മറ്റു സ്ഥലങ്ങളിൽ ആയിരുന്നെങ്കിൽ പോകില്ല. സിനിമയിൽ അവസരം കിട്ടുമെന്ന പ്രതീക്ഷയും ഇല്ലായിരുന്നു. പൊതുവേ യാത്ര ചെയ്യാൻ മടിയുള്ള ആളാണ്. ഇന്നിപ്പോ അതെല്ലാം മാറി, സിനിമയുടെ ഭാഗമായി ദിവസവും യാത്രയാണ്. ഇപ്പോൾ യാത്രകൾ ആസ്വദിക്കുന്നുണ്ട്. പുതിയ സംവിധായകരെയും സിനിമാക്കാരെയും പരിചയപ്പെടാൻ കഴിയുന്നുണ്ട്. അതെല്ലാം വ്യത്യസ്ത അനുഭവമാണ്. നിലവിൽ അഞ്ച് സിനിമ ചെയ്യുന്നുണ്ട്. സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന മഥനോത്സവത്തിന്റെ തിരക്കഥ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെയാണ്. സുധീഷ് ന്നാ താൻ കേസ് കൊടിൽ സംവിധാന സഹായിയായിരുന്നു. മൃഥുൽ നായരുടെ കാസർഗോൾഡിലും അഭിനയിച്ചു. ഈ സിനിമകളുടെ കുറച്ച് ഷൂട്ടിങ് കൂടി ബാക്കിയുണ്ട്. ഇപ്പോൾ പ്രിയദർശന്റെ കൊറോണ പേപ്പേഴ്സിന്റെ സെറ്റിലാണ്. സജീവ് പാഴൂർ തിരക്കഥ എഴുതുന്ന ഹരിലാൽ ചിത്രത്തിനും ബിജു മേനോൻ,- സുരാജ് വെഞ്ഞാറമൂട് എന്നിവർ ഭാഗമായ വിഷ്ണുവിന്റെ സിനിമയ്ക്കും ഡേറ്റ് നൽകിയിട്ടുണ്ട്. മാർച്ചുവരെ ഇപ്പോൾ സിനിമയുണ്ട്. പിന്നെ പരിപാടികൾക്കായി ഡിവൈഎഫ്ഐ, ബാലസംഘം, ക്ലബ്ബുകളൊക്കെ വിളിക്കുന്നുണ്ട്. അതിനെല്ലാം പോകണം. അവർ നമ്മളോടുള്ള സ്നേഹംകൊണ്ട് വിളിക്കുന്നതാണല്ലോ. സിനിമയിൽ എത്തുമെന്നത് പ്രതീക്ഷിക്കാതെ നടന്ന സംഭവമാണ്. നാട്ടിൽ എല്ലാവർക്കും വലിയ സന്തോഷമായി. ഇപ്പോൾ കൊച്ചിയിൽ ആയാലും തിരുവനന്തപുരത്ത് ആയാലും എവിടെ പോയാലും ആളുകൾ തിരിച്ചറിയാൻ തുടങ്ങി.
സ്വാതന്ത്ര്യം ഗുണം ചെയ്തു
ന്നാ താൻ കേസ് കൊട് സിനിമയുടെ ചിത്രീകരണസമയത്ത് എല്ലാ ദിവസവും രാവിലെ അന്ന് ചിത്രീകരിക്കുന്ന രംഗങ്ങൾ അവർ പറഞ്ഞുതരും. സീനുകൾ സംവിധായകൻ രതീഷ് കൃത്യമായി മനസ്സിലാക്കിത്തരും. ഇന്നതാണ് പറയേണ്ടത് എന്നെല്ലാം വിശദീകരിക്കും. എന്നാൽ, സംഭാഷണങ്ങളുടെ ആശയം നിലനിർത്തി നമ്മുടെ രീതിയിൽ പറയാനുള്ള സ്വാതന്ത്ര്യവും തന്നിരുന്നു. അത് ഉപയോഗപ്പെടുത്തി നമ്മുടെ രീതികൂടി ചേർത്താണ് അവതരിപ്പിച്ചത്. സംവിധായകൻ നൽകിയ സ്വാതന്ത്ര്യത്തിൽനിന്നാണ് കോടതി രംഗങ്ങൾ അത്തരത്തിൽ ചെയ്യാനായത്. കാസർകോട് ഭാഷയായതും ഗുണം ചെയ്തു.
ബാലസംഘം പ്രവർത്തനങ്ങൾ ഗുണം ചെയ്തു
10 വർഷം ബാലസംഘം കാസർകോട് ജില്ലാ കമ്മിറ്റിയുടെ രക്ഷാധികാരിയായിരുന്നു. ബാലസംഘത്തിന്റെ വേനൽത്തുമ്പി കലാജാഥയുടെ ഭാഗമാണ്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥകളിലുമുണ്ട്. മനീഷ തിയറ്റേഴ്സ് തടിയൻ കൊവ്വൽ, കോറസ് കലാസമിതി മാണിയാട്ട്, എ കെ ജി കലാവേദി, ഉദിനൂർ സെൻട്രൽ എയുപി സ്കൂൾ എന്നിവിടങ്ങളിലെല്ലാം നാടകം കളിക്കാറുണ്ട്. ഇവിടെയെല്ലാം നാടകം കളിച്ചുകിട്ടിയ അനുഭവം സിനിമയിൽ ഗുണംചെയ്തു. നിലവിൽ സിപിഐ എം ഉദിനൂർ ലോക്കൽ കമ്മിറ്റി അംഗമാണ്. കർഷകസംഘം ഏരിയ കമ്മിറ്റി അംഗവുമാണ്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയിൽ പ്രവർത്തിച്ചിരുന്നു. സിനിമയുടെ തിരക്കിനിടയിലും പാർടി പ്രവർത്തനത്തിന് സമയം കണ്ടെത്തുന്നുണ്ട്. അടുത്തുനടന്ന പടന ഗ്രാമപഞ്ചായത്തിന്റെ ഒമ്പതാംവാർഡ് ഗ്രാമസഭയുടെ നോട്ടീസ് വീടുകളിൽ കൊണ്ടുക്കൊടുക്കാൻ പോയിരുന്നു. ഇന്ന് സിനിമയുണ്ട്. പക്ഷേ, നാളെ ഉണ്ടാകണമെന്നില്ല. പാർടിയും ബാലസംഘവുമൊക്കെയാണ് എന്നും ഉണ്ടാകുക. ബാലസംഘം വേനൽത്തുമ്പി ജാഥയ്ക്ക് ഇപ്പോൾ വിളിച്ചാലും പോകും.