പാലക്കാട്
കെ സുധാകരനെ തങ്ങൾ രാഷ്ട്രീയ സംരക്ഷണം നൽകിയാണ് വളർത്തിയതെന്ന് ആർഎസ്എസ്. ആർഎസ്എസ് ശാഖക്ക് സംരക്ഷണമൊരുക്കിയതായ കെപിസിസി പ്രസിഡന്റ് സുധാകരന്റെ തുറന്നുപറച്ചിലിന് പ്രതികരണമായാണ് സംഘപരിവാരത്തിന്റെ വെളിപ്പെടുത്തൽ. മുഖപത്രമായ ‘ജന്മഭൂമി’യിലൂടെയാണ് സുധാകരനുമായുള്ള പരസ്പര സഹകരണത്തിന്റെ ചരിത്രം ആർഎസ്എസ് വിശദീകരിക്കുന്നത്.
ജന്മനാടായ കണ്ണൂരിലെ നടാലിൽ സുധാകരന് ആർഎസ് എസ് പ്രചാരകനായ കെ ജി മാരാരുടെ നേതൃത്വത്തിൽ സംരക്ഷണമൊരുക്കിയത് സൂചിപ്പിച്ചാണ് ആത്മബന്ധത്തിന്റെ ചരിത്രം ഓർമിപ്പിക്കുന്നത്. ജന്മഭൂമി എഡിറ്റ് പേജിൽ ശനിയാഴ്ച പ്രസിദ്ധീകരിച്ച ‘‘സുധാകരൻ നുണ പറയുന്നു, നാടുവിട്ടപ്പോൾ രക്ഷിച്ചത് കെ ജി മാരാർ ’ എന്ന ലേഖനം സുധാകരൻ തങ്ങൾക്ക് എത്രമാത്രം പ്രിയപ്പെട്ടവനാണെന്നതിന്റെ തെളിവാണ്. 1977–-ൽ സുധാകരൻ നാട്ടിൽ(നടാലിൽ) നിൽക്കാനാകാതെ കണ്ണൂരിലെ കണ്ണയ്യ ടൂറിസ്റ്റ് ഹോമിലേക്ക് മാറിയപ്പോൾ സംരക്ഷണം നൽകിയെന്നാണ് ലേഖനത്തിൽ പറയുന്നത്. ഇതിനായി മുൻകൈയെടുത്തത് ആർഎസ്എസ് പ്രചാരകനായ കെ ജി മാരാരാണ്. ജനസംഘം (ബിജെപിയുടെ ആദ്യ രൂപം) നേതാക്കളെ സംഘടിപ്പിച്ച് നടാലിൽ സിപിഐ എമ്മിനെതിരെ പൊതുയോഗം നടത്തി. അതേത്തുടര്‍ന്നാണ് സുധാകരന് നാട്ടില്‍ തിരിച്ചെത്തിയതെന്ന് ലേഖനത്തിൽ പറയുന്നു.