തിരുവനന്തപുരം> സർക്കാർ ജോലിക്ക് പോകുമ്പോൾ എല്ലാ വീട്ടിലും സന്തോഷമല്ലേ, ഞങ്ങളുടെ പ്രിയപ്പെട്ടവരിൽ സങ്കടമാണ് നിറയുക.. തൃശൂർ സ്വദേശിയായ കീമാൻ പറഞ്ഞു. ഇനി തിരിച്ചുവന്നില്ലെങ്കിലോ എന്ന ആധിയാണ് വീട്ടുകാർക്ക്. ഞങ്ങളുടെ ജീവന് ഒരുറപ്പുമില്ല.. പതിനാലുവർഷം റെയിൽവേ ജോലിക്കാരനായ അദ്ദേഹം പറഞ്ഞുവച്ചു.
അഞ്ചുവർഷത്തിനിടെ തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ട്രെയിൻ തട്ടി മരിച്ചത് 13 കീമാൻമാരാണ് (ട്രാക്ക് പരിപാലകർ). ജോലിക്കിടെ ട്രെയിൻ വരുന്നത് അറിയാതെയാണ് ഇവർ മരണത്തിന് മുന്നിൽപ്പെട്ടത്. കൊല്ലം സെക്ഷനിൽ ഇ പി സുധീപ്, എൽ മധുസൂദനൻ, ജഗ്മോഹൻ മീണ, രാമാനന്ദ് കുമാർ, സുനിൽകുമാർ എന്നിവരും കോട്ടയം സെക്ഷനിൽ ശ്യാംലാൽ മീണ, വിജയ് സിങ് മീണ, കെ ബി പ്രസാദ് എന്നിവരും കെ എച്ച് വിവേക്, വിജയ്കുമാർ (ആലപ്പുഴ സെക്ഷൻ), പ്രമോദ്, ഹർഷൻകുമാർ (തൃശൂർ സെക്ഷൻ), ആർ മുരളീധരൻ (മാവേലിക്കര സെക്ഷൻ) എന്നിവരുമാണ് മരിച്ചത്. അവസാനമരണം ഒക്ടോബർ 30 ന് കൊല്ലത്തായിരുന്നു. പരിക്കേറ്റവർ നിരവധിയും.
എട്ട് മണിക്കൂർ ഡ്യൂട്ടിയിൽ 6 കിലോമീറ്റർ മുതൽ 16 കിലോമീറ്റർവരെ കീമാന്മാർ നടന്ന് പരിശോധിക്കണം. ഡബിൾ ലൈനാണെങ്കിൽ ഏഴ്- എട്ട് കിലോമീറ്റർ വരെയും സിംഗിൾ ലൈനാണെങ്കിൽ 16 കിലോമീറ്ററുമാണ് നടന്ന് പരിശോധിക്കേണ്ടത്. ഇവരുടെ ബാഗിന് മാത്രം 15 കിലോ ഭാരമുണ്ടാകും. സ്പാനർ, ഹാമർ, 30 എംഎമ്മിന്റെ രണ്ട് റെയിൽപീസ്, അഞ്ച് അടിയുള്ള കീമാൻ ബോർഡ്, ക്ലിപ്പ് തുടങ്ങി നിരവധി സാധനങ്ങളാണ് ബാഗിലുണ്ടാകുക.
ട്രാക്കിൽ വീണ മരം മുറിച്ചു മാറ്റുക, ഫിഷ് പ്ലേറ്റ് ഇളകിയിട്ടുണ്ടെങ്കിൽ പുനഃസ്ഥാപിക്കുക, ബോൾട്ട് മുറുക്കുക തുടങ്ങി നിരവധി പണികൾ ഇവർ ചെയ്യണം. സ്ത്രീകളും ഈ മേഖലയിലുണ്ട്. മൺസൂൺ സമയത്ത് രാവിലെ 7.30 ന് ജോലിക്ക് കയറണം. അല്ലാത്ത സമയത്ത് രാവിലെ ഏഴാണ് ഡ്യൂട്ടി സമയം. ഒരാൾ മാത്രമാണ് ട്രാക്ക് ജോലിക്ക് ഉണ്ടാകുക. തിരുവനന്തപുരം ഡിവിഷന് കീഴിൽ 467 കീ മാന്മാമാരാണ് ഉള്ളത്.
‘രക്ഷക് ’ കൊടുക്കൂ; ജീവൻ രക്ഷിക്കൂ
ട്രാക്ക് പരിശോധനയ്ക്കിടെ ട്രെയിൻ വരുന്നത് മുൻകൂട്ടി അറിയാനുള്ള ഉപകരണമാണ് രക്ഷക്. 24 കിലോമീറ്റർ അടുത്ത് ട്രെയിൻ എത്തിയാൽ ജിപിഎസ് സംവിധാനത്തിലൂടെ രക്ഷക് മുന്നറിയിപ്പ് നൽകും. ട്രാക്ക് പരിശോധനയ്ക്ക് പോകുമ്പോൾ ഇത് കൈയിൽ കെട്ടിയാൽ മതി. ട്രെയിൻ വരുന്നതിന് മുന്നോടിയായി കമ്പനവും അലാറവുമുണ്ടാകും.
എൽഇഡി ഡിസ്പ്ലേയുമുണ്ട്. രക്ഷക് നൈറ്റ് പട്രോളിങ്ങ് പോകുന്നവർക്കും കീമാൻമാർക്കും ജീവൻ രക്ഷാ ഉപകരണമാണ്. ഇത് ജീവനക്കാർക്ക് നൽകാൻ റെയിൽവേ ബോർഡ് നിർദേശിച്ചിട്ട് വർഷങ്ങളായി. കഴിഞ്ഞ ദിവസം ഡിആർഇയു നേതൃത്വത്തിൽ സമരവും നടന്നു. ഇതിനെ തുടർന്നാണ് ഉടൻ രക്ഷക് നൽകാമെന്ന് അധികൃതർ ഉറപ്പു നൽകിയത്.