ന്യൂഡൽഹി > കേരളത്തെ അപകീർത്തിപ്പെടുത്തുന്നതും മതവിദ്വേഷം പടർത്തുന്നതുമായ ‘ദി കേരള സ്റ്റോറി’ സിനിമയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും വാർത്താവിതരണ പ്രക്ഷേപണമന്ത്രി അനുരാഗ് സിങ് ഠാക്കൂറിനും ജോൺ ബ്രിട്ടാസ് എംപി കത്തയച്ചു. കേരളത്തിൽനിന്ന് 32,000 സ്ത്രീകളെ നിർബന്ധപൂർവം മതംമാറ്റി ഐഎസിൽ ചേർക്കാൻ സിറിയയിലേക്കും യമനിലേക്കും അയച്ചെന്ന് സിനിമാ ടീസറിലുണ്ട്.
അടിസ്ഥാനരഹിതമായ ഇത്തരം പ്രചാരണങ്ങൾ കേരളത്തെ അപകീർത്തിപ്പെടുത്തുക മാത്രമല്ല സമൂഹത്തിൽ ഗുരുതര പ്രത്യാഘാതവും സൃഷ്ടിക്കുന്നതാണ്. ദേശീയോദ്ഗ്രഥനത്തിന് തടസ്സമാകുന്നതാണ് ഇത്തരം സൃഷ്ടികൾ. കേരളത്തിലെ രണ്ട് മുൻമുഖ്യമന്ത്രിമാരുടെ പരാമർശങ്ങളെയും തെറ്റായി ചിത്രീകരിക്കുന്നത് ബോധപൂർവമാണ്. ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന നിലപാടുകാരനാണെങ്കിലും വിദ്വേഷം പ്രചരിപ്പിക്കുന്നതും അക്രമം പ്രോത്സാഹിപ്പിക്കുന്നതും അനുവദിക്കാനാകില്ല –- കത്തിൽ പറഞ്ഞു.















