തിരുവനന്തപുരം
പരിഷ്കരിച്ച പാഠ്യപദ്ധതി പ്രകാരമുള്ള പാഠപുസ്തകങ്ങൾ 2024–- 25 അധ്യയന വർഷത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെത്തും. 1, 3, 5, 7, 9, 11 ക്ലാസുകളിലാകും മുഴുവൻ വിഷയങ്ങൾക്കും പുതിയ പുസ്തകങ്ങളെത്തുക. തുടർന്ന് 2025ൽ മറ്റു ക്ലാസുകളിലും പാഠപുസ്തകങ്ങൾ മാറുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള 26 ഫോക്കസ് ഗ്രൂപ്പിന്റെ പൊസിഷൻ പേപ്പറുകൾ 30നകം പൂർത്തിയാക്കും. ഡിസംബർ 31നകം കരട് പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കും.
2023 ജനുവരിയിൽ ഇതിനെ അടിസ്ഥാനമാക്കിയുള്ള മേഖലാതല സെമിനാറുകൾ, ചർച്ചകൾ എന്നിവ സംഘടിപ്പിക്കും. തുടർന്ന് ഫെബ്രുവരിയിൽ പാഠ്യപദ്ധതി ചട്ടക്കൂടുകൾ പൂർത്തിയാക്കും. മാർച്ചുമുതൽ പാഠപുസ്തക രചനയുടെ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒക്ടോബറിൽ ഒന്നാംഘട്ടം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ക്ലാസ്മുറികളിൽ
17ന് ചർച്ച
പാഠ്യപദ്ധതി പരിഷ്കരണത്തിന് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വരൂപിക്കാൻ മുഴുവൻ ക്ലാസുകളിലും 17ന് കുട്ടികളുടെ ചർച്ച നടത്തും. ഇതിന് ഒരു പിരീഡ് വിനിയോഗിക്കും. ഓരോ വിഷയത്തിലും തയ്യാറാക്കിയ പ്രത്യേകം ചോദ്യാവലിക്ക് കുട്ടികൾ നൽകുന്ന അഭിപ്രായങ്ങൾ അധ്യാപകർ ബിആർസികളിലേക്ക് കൈമാറും. ഇവ ക്രോഡീകരിച്ച് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിക്ക് (എസ്സിഇആർടി) കൈമാറും.
പഠനഭാരം ലഘൂകരിക്കും: മന്ത്രി
വിദ്യാർഥികളുടെ പഠനഭാരം ലഘൂകരിക്കാൻ പാഠഭാഗങ്ങൾ കുറയ്ക്കുന്നതിൽ രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പത്ത്, 12 ക്ലാസുകളിലെ പാഠഭാഗങ്ങൾ എൻസിഇആർടി വെട്ടിക്കുറച്ചിട്ടുണ്ട്. സംസ്ഥാനങ്ങളോടും ലഘൂകരിക്കാൻ നിർദേശമുണ്ട്. കോവിഡ് പശ്ചാത്തലം, പഠനഭാര ലഘൂകരണം, പാഠഭാഗങ്ങളുടെ ആവർത്തനം, നിലവിലെ സാഹചര്യത്തിൽ പ്രസക്തമല്ലാത്ത ഭാഗങ്ങൾ എന്നീ കാരണങ്ങൾ പറഞ്ഞാണ് എൻസിഇആർടി പാഠഭാഗങ്ങൾ വെട്ടിക്കുറച്ചത്. ചരിത്രം, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി പോലുള്ള സാമൂഹ്യശാസ്ത്ര വിഷയങ്ങളിലാണ് ഒഴിവാക്കൽ കൂടുതൽ ഉണ്ടായത്. വെട്ടിമാറ്റിയ ഭാഗങ്ങൾ പരിശോധിക്കുമ്പോൾ ചില നിക്ഷിപ്ത താൽപ്പര്യം കടന്നുകൂടിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിന് ഇത്തരം നിക്ഷിപ്ത താൽപ്പര്യങ്ങൾക്ക് കൂട്ടുനിൽക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.















