കോതമംഗലം> കെഎസ്ആര്ടിസി ബസ് നിയമം ലംഘിച്ച് കല്യാണയാത്ര നടത്തിയതിന് ബസ് ഡ്രൈവറുടെ ലൈസന്സ് റദ്ദ് ചെയ്തു.എറണാകുളം–പൂപ്പാറ റൂട്ടിലെ ബസ് ഡ്രൈവര് എ എന് റഷീദിന്റെ (44) ലൈസന്സാണ് കോതമംഗലം ജോയിന്റ് ആര്ടി ഷോയി വര്ഗീസ് സസ്പെന്റ് ചെയ്തത്.തിങ്കള് പകല് 11ന് ഓഫീസില് കാരണം കാണിക്കല് നോട്ടീസിന് മറുപട നല്കാന് റഷീദ് എത്തിയിരുന്നു.
സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് ബസ് അലങ്കരിച്ചതെന്നും തനിക്ക് അബദ്ധം സംഭവിച്ചതാണെന്നും എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും വിശദീകരണത്തില് പറഞ്ഞു.എന്നാല് വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടര്ന്ന് ജോയിന്റ് ആര് ടി ഒ ഷോയി വര്ഗീസ് ലൈസന്സ് റദ്ദാക്കുകയായിരുന്നു. 184ാം വകുപ്പ് അനുസരിച്ച് അപകടകരമായ രീതിയില് വാഹനം ഓടിച്ചതിനും 177 -ാം വകുപ്പ് അനുസരിച്ച് നിയമങ്ങള് ലംഘിച്ച് ബസില് മാറ്റങ്ങള് വരുത്തിയ വകുപ്പ് അനുസരിച്ചാണ് ലൈസന്സസ്പെന്റ് ചെയ്തതെന്ന് ജോയിന്റ് ആര് ടി ഒ പറഞ്ഞു.
കോതമംഗലം നെല്ലിക്കുഴിയില് നിന്ന് ഞായറാഴ്ച രാവിലെ അടിമാലി ഇരുമ്പുപാലത്തേക്ക് പുറപ്പെട്ട കെഎസ്ആര്ടിസി ബസാണ് ഹരിത ശോഭയില് മാനദണ്ഡങ്ങള് മറികടന്ന് അലങ്കരിച്ച് സമൂഹ മാധ്യമങ്ങളില് വാര്ത്തയായത്. ‘പറക്കും തളിക’ സിനിമയിലെ ‘താമരാക്ഷന് പിള്ള’ എന്ന ബസിനെ അനുകരിച്ച് അതേ രീതിയില് ഇലയും വലിയ മരക്കൊമ്പുകളും തെങ്ങിന് പൂക്കുലയും ഓലയും കൊണ്ടെല്ലാമാണ് ബസ് അലങ്കരിച്ചത്. മുന്വശത്ത് കെഎസ്ആര്ടിസി എന്ന പേര് മാറ്റി താമരാക്ഷന് പിള്ള എന്നാക്കിയായിരുന്നു യാത്ര.
സംഭവം ഉണ്ടായതിനെ തുടര്ന്ന് ജോയിന്റ് ആര് ടി ഒ യുടെ നേതൃത്വത്തില് ബസ് ഡിപ്പോയില് പരിശോധന നടത്തി തെളിവെടുപ്പ് നടത്തിയിരുന്നു.















