വളരെ ശാന്തനായി ഫുള് സ്ലീവ് ഷർട്ടുമിട്ട് സാത്വികനെപ്പോലെ കടന്നുവരുന്ന ബാലൻ മാഷ്. ഇട്ടിയുടെ പ്രധാന ശത്രുക്കളിലൊരാളാണ് ബാലൻ മാഷെന്ന് പ്രേക്ഷകർക്ക് ആദ്യമേ സൂചനയുണ്ടായിരുന്നു. പക്ഷേ, ആ ശത്രു തന്നെയോ ഇതെന്നു സംശയിക്കുംവിധം ശാന്തനായിരുന്നു മാഷ്. പക്ഷേ, അരയ്ക്കു കീഴ്പോട്ടു തളർന്നു കിടക്കുന്ന ഇട്ടിയുടെ മുന്നിൽ കസേര വലിച്ചിട്ടിരുന്ന് ഘനഗംഭീരമായ ശബ്ദത്തിൽ ബാലൻമാഷ് ഇട്ടിയോട് സ്നേഹാന്വേഷണം തുടങ്ങുമ്പോൾ ഭാവമാകെ മാറുന്നു. കണ്ണുകളിലേക്ക് ക്രൗര്യം ഓടിയെത്തുന്നു. ഇട്ടിയെ താൻ താങ്ങിയിരുത്താമെന്നു പറഞ്ഞ് സഹാനുഭൂതിയോടെ തലയിൽ പിടിച്ചുയർത്തുകയും അതേ ദൃശ്യത്തിൽതന്നെ ‘നീയവിടെ കിടക്കെടാ ഇട്ടീ…’ എന്നു പറഞ്ഞ് കലിയത്രയും കണ്ണുകളിലേക്ക് ആവാഹിക്കുകയും ചെയ്യുകയാണ് ബാലൻമാഷ്.
മജു സംവിധാനം ചെയ്ത “അപ്പൻ’ സിനിമയിൽ ബാലൻമാഷിന്റെ വേഷം ചെയ്തത് ആരാണെന്ന് പലരും അന്വേഷിക്കുന്നുണ്ട്. അത് ചിലമ്പൻ ചേട്ടനാണ്. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ചിലമ്പൻ ജോസഫ്. നാലു പതിറ്റാണ്ടോളമായി മലയാള പ്രൊഫഷണൽ നാടകവേദിയിൽ തിളങ്ങി നിന്ന നടൻ. കേരളത്തിലുടനീളം നാടകം കളിച്ചിട്ടുള്ള അദ്ദേഹത്തെ ആളുകൾ തിരിച്ചറിയുന്നത്, ഇപ്പോഴാണെന്നു മാത്രം. പത്തുവർഷത്തോളമായി പ്രൊഫഷണൽ നാടകരംഗത്തോട് വിടപറഞ്ഞ് കഞ്ഞിക്കുഴിയിൽ ഭാര്യയുമൊത്തെ കഴിയുകയാണ് ചിലമ്പൻ. അതിനിടയിലാണ് ഇപ്പോൾ സിനിമകൾ ഒന്നൊന്നായി വന്നു തുടങ്ങിയത്.
ചിലമ്പിൽ എന്നാണ് അദ്ദേഹത്തിന്റെ വീട്ടുപേര്. ചിലമ്പിൽ ജോസഫ് എന്ന പേരിലായിരുന്നു നാടകങ്ങളിൽ അഭിനയിച്ചുതുടങ്ങിയത്. പിന്നീട് നാടകസമിതിക്കാർ ആ പേരിനെ ചിലമ്പൻ എന്നാക്കി ചുരുക്കി. കട്ടപ്പനയില് കാഞ്ചിയാർ രാജന്റെ ‘ക്രാക്കത്തുവ’ നാടകത്തിലായിരുന്നു ചിലമ്പന്റെ നാടകതുടക്കം. അന്ന് പതിനാറോ പതിനേഴോ വയസ്സാണ് പ്രായം. ഹൈറേഞ്ചിലായിരുന്നു ആ നാടകം പ്രധാനമായും അവതരിപ്പിക്കപ്പെട്ടിരുന്നത്. ഘനഗംഭീരമായ ശബ്ദവും അതിനൊത്ത ആകാരവുമുള്ള ചിലമ്പിൽ ജോസഫിനെ പ്രൊഫഷണൽ നാടകവേദിയുടെ തിരക്കിലേക്കു കൈപിടിച്ചുകൊണ്ടുപോയത് എം.സി. കട്ടപ്പനയാണ്. ആറ്റിങ്ങൽ ദേശാഭിമാനിയുടെ ‘കൊടുങ്കാറ്റൂതിയ ഗ്രാമം’ ആയിരുന്നു ആ നാടകം. അറുപതുകളിലെ ഹൈറേഞ്ചിന്റെ ദരിദ്രമായ സാഹചര്യങ്ങളിൽ പകൽ പറമ്പിൽപണിയും, രാത്രി നാടകാഭിനയവും, പട്ടിണിയുമായി കഴിഞ്ഞു, ചിലമ്പൻ എന്ന കലാകാരൻ.
തുടർന്ന് പല സമിതികൾ. കാളിദാസ കലാകേന്ദ്രം, ഇൻഡ്യൻ ഡ്രാമാസ്കോപ്പ്, കോട്ടയം സൃഷ്ടി, കൊച്ചിൻ നാടകവേദി തുടങ്ങി കാഞ്ഞിരപ്പള്ളി അമല വരെ. അമലയിൽ മാത്രം 16 വർഷം, അത്രയും നാടകങ്ങൾ. സ്വന്തമല്ലാത്ത ഒരു സമിതിക്കുവേണ്ടി തുടർച്ചയായി ഇത്രയും കാലം അഭിനയിച്ച മറ്റൊരു അഭിനേതാവുണ്ടാകില്ല. ആയിരത്തോളം വേദികളിൽ അവതരിപ്പിക്കപ്പെട്ട ‘സംഗീതക്കുരുവികൾ’, ഏറെ പ്രശംസ നേടി ‘കാറ്റത്തണയാത്ത കൽവിളിക്ക്’, ‘ഹൃദയം ദേവാലയം’ തുടങ്ങിയ നാടകങ്ങളിലെല്ലാം പ്രധാന വേഷത്തിൽ ചിലമ്പനുണ്ടായിരുന്നു.
പത്ത് വർഷം മുൻപ് കൊച്ചിൻ സംഗമിത്ര ‘ആശ്ചര്യചൂഡാമണി’ വീണ്ടും അരങ്ങിലെത്തിച്ചപ്പോൾ വില്ലൻ വേഷത്തിൽ ചിലമ്പനെത്തി. പിന്നീട് നാടകരംഗത്തോട് വിടപറഞ്ഞു. നാലു പതിറ്റാണ്ടോളം ഉറക്കമിളച്ചു നാടകംകളിച്ചു മടുത്തുവെന്ന് ചിലമ്പൻ പറയുന്നു. മൂന്നു മക്കളാണ്. വിവാഹം കഴിഞ്ഞ് അവർക്കൊക്കെ ജോലിയുമായതോടെ ചിലമ്പൻ കഞ്ഞിക്കുഴിയിലെ വീട്ടിൽ ഭാര്യയോടൊപ്പം കുറച്ച് കൃഷിപ്പണികളും മറ്റുമായി ഒതുങ്ങാൻ തീരുമാനിച്ചു. നാടകരംഗത്തുനിന്നു പിരിയുമ്പോൾ കെ.സി.ബി.സി.യുടെയും ഫൈനാർട്സ് സൊസൈറ്റികളുടെയും അവാർഡുകളും ജീവൻ പകർന്ന ഇരുപത്തഞ്ചോളം കഥാപാത്രങ്ങളുടെ ഓർമ്മകളും, ഒരു മാറ്റവും വരാത്ത ഭൗതിക സാഹചര്യങ്ങളുമാണ് ചിലമ്പന്റെ ജീവിതബാക്കി.
പക്ഷേ, ചിലമ്പനെ വെറുതേവിടാൻ കട്ടപ്പനയിലെ നാടകവേദി തയ്യാറായിരുന്നില്ല.
ഏറെ പ്രശംസനേടിയ ‘ഒഴിവുദിവസത്തെ കളി’ക്കുശേഷം, 2018ൽ കട്ടപ്പന ദർശനക്കു വേണ്ടി കെ ആർ രമേശ് സംവിധാനം ചെയ്ത ‘കൃതി’ യിലെ ഗാന്ധി ചാക്കോയുടെ വേഷം അദ്ദേഹത്തിന് കാലം കരുതിവച്ച സമ്മാനമായിരുന്നു. അരങ്ങിൽ ജ്വലിക്കുകയായിരുന്നു ഭാവാഭിനയത്തിന്റെ ഈ കുലപതി ‘കൃതി’യിൽ. അപ്പനിലെ വർഗീസിനെ അവതരിപ്പിച്ച അനിൽ കെ.ശിവറാമായിരുന്നു ഈ നാടകത്തിലെ മറ്റൊരു സുപ്രധാനവേഷത്തിൽ. ആ നാടകം കാണാനിടയായ ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ സിനിമയുടെ അണിയറ പ്രവർത്തകരിൽ ചിലർ ആ സിനിമയിലേക്ക് ചിലമ്പനെ കാസ്റ്റു ചെയ്തിടത്തുനിന്നാണ് അദ്ദേഹത്തിന്റെ സിനിമായാത്ര തുടങ്ങുന്നത്.
പിന്നീട് ‘സാജൻ ബേക്കറി’, ‘ജല്ലിക്കട്ട്’, ‘1956 മധ്യതിരുവിതാംകൂർ’, ‘ചട്ടമ്പി’ എന്നീ സിനിമകൾ. ‘ചട്ടമ്പി’യിൽ കോര എന്ന മുഴുനീള വേഷമായിരുന്നെങ്കിലും പടം ശ്രദ്ധിക്കപ്പെട്ടില്ല. ഇതിനിടയിൽ ഒരു തെലുങ്ക് സിനിമയിലും അഭിനയിച്ചെങ്കിലും അതേപ്പറ്റി പിന്നീട് വിവരമൊന്നുമില്ല. അങ്ങനെയാണ് ‘അപ്പനി’ലെത്തിയത്. ‘1956 മധ്യതിരുവിതാംകൂറി’ലെ ചിലമ്പന്റെ വേഷം സംവിധായകൻ മജു നേരത്തേ ശ്രദ്ധിച്ചിരുന്നു. അദ്ദേഹം ഓഡിഷനുവേണ്ടി മുന്നിലെത്തിയപ്പോൾ മജുവിന് വേറൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അങ്ങനെ ബാലൻമാഷ് ചിലമ്പന്റെ കയ്യിൽ ഭദ്രമായി. അതിനുശേഷം ‘അച്യുതന്റെ അവസാനശ്വാസം’ എന്ന സിനിമയിലും ഒരു മുഴുനീള വേഷം ചിലമ്പൻ ചെയ്തു. ആ സിനിമ പുറത്തിറങ്ങാനിരിക്കുന്നതേയുള്ളു.