തലശേരി > നിസ്സഹായരായി റോഡരികിൽ നിന്ന് നിലവിളിച്ച രാജസ്ഥാൻ സ്വദേശിക്കും ആറുവയസുകാരനായ മകനും താങ്ങും തണലുമായത് എസ്എഫ്ഐ മുൻ നേതാവും കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയർമാനുമായ അഡ്വ എം കെ ഹസ്സൻ. ആശുപത്രിയിലെത്തിക്കുന്നത് മുതൽ പുലർച്ചെ നാല്മണിവരെ ഇവർക്കൊപ്പം സാന്ത്വന തണലായി സിപിഐ എം ചേറ്റംകുന്ന് ബ്രാഞ്ച് സെക്രട്ടറിയും തലശേരി ടൗൺ ലോക്കൽ കമ്മിറ്റി അംഗവുമായ ഈ സഖാവുണ്ടായി.
‘‘വ്യാഴാഴ്ച രാത്രി എട്ട്മണിയോടെ പുതിയബസ്സ്റ്റാന്റിനടുത്ത മണവാട്ടി ജങ്ഷനിലെ മെഡിക്കൽ ഷോപ്പിൽ വന്നപ്പോഴാണ് ഒരു പിഞ്ചുബാലനും പിതാവും സ്ലാബിന് മുകളിലിരുന്ന് കരയുന്നത് കണ്ടത്. അന്വേഷിച്ചപ്പോഴാണ് കാറിൽ ചാരിയതിന് വയറിലും പുറത്തും ഒരാൾ കുട്ടിയെ ചവിട്ടിയത് അറിഞ്ഞത്. ഓട്ടോഡ്രൈവർമാരടക്കം നിരവധിപേർ വിവരമറിഞ്ഞ് എത്തിയിരുന്നു. ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
കുറച്ച് കഴിഞ്ഞപ്പോൾ അവർ ഭയപ്പെട്ട പുറത്തുപോയി. അന്വേഷിച്ച് തിരികെ എത്തിച്ചപ്പോൾ ഞാൻ വക്കീലാണെന്നും എല്ലാ നിയമസഹായവും നൽകാമെന്നും ഉറപ്പു നൽകി. കൊ – -ഓപ്പറേറ്റീവ് ആശുപത്രിയിൽ നിന്നാണ് എക്സറേയും സ്കാനിങ്ങും എടുത്തത്. സിസിടിവിഫൂട്ടേജ് എടുക്കാനും പൊലീസിനെ സഹായിച്ചതായി എം കെ ഹസൻ പറഞ്ഞു.
ആരുമില്ലെന്ന നിസ്സഹായാവസ്ഥയിലായ കുടുംബത്തിന് തുണയും സംരക്ഷണവുമായി ഒപ്പം നിന്നത് ഈ നേതാവാണ്. അഡ്മിറ്റായ ഉടൻ പൊലീസ് എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. രാത്രി പത്ത്മുതൽ നാല്മണിവരെ പ്രതി സ്റ്റേഷനിലുണ്ടായതിനും സാക്ഷിയാണ്. പരാതിക്കാരനില്ലെങ്കിൽ ഞാൻ പരാതി നൽകാമെന്നും കേസെടുക്കണമെന്നും പറഞ്ഞിരുന്നു. സ്വമേധായ കേസെടുക്കുമെന്നാണ് പൊലീസ് അറിയിച്ചതെന്നും എം കെ ഹസ്സൻ പറഞ്ഞു.















