തിരുവനന്തപുരം> ഖത്തർ ഫുട്ബോൾ ലോകകപ്പ് ആവേശത്തോടൊപ്പം സംസ്ഥാനത്ത് ആരംഭിക്കുന്ന വൺ മില്യൺ ഗോൾ ക്യാമ്പയിന്റെ ലോഞ്ച് കായികമന്ത്രി വി അബ്ദുറഹ്മാൻ നടത്തി. മസ് ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സംഘാടകരായ സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റ്, സ്പോർട്സ് കൗൺസിൽ അംഗങ്ങൾക്ക് ഫുട്ബോൾ കൈമാറിയാണ് ലോഞ്ച് നിർവഹിച്ചത്.
11ന് ആരംഭിക്കുന്ന ക്യാമ്പയിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആയിരം കേന്ദ്രങ്ങളിൽ 10നും 12നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്ക് പത്ത് ദിവസത്തെ ഫുട്ബോൾ പരിശീലനമാണ് ക്യാമ്പയിനിൽ നൽകുകയെന്ന് അദ്ദേഹം അറിയിച്ചു. എല്ലാ വിഭാഗക്കാരിലേക്കും ലോകകപ്പ് സന്ദേശം എത്തിക്കുക, താൽപര്യമുള്ള കുട്ടികൾക്ക് ഹ്രസ്വകാല അടിസ്ഥാന പരിശീലനം നൽകുക, മികവു പുലർത്തുന്നവർക്ക് വിദഗ്ധ പരിശീലനം എന്നിവയിലൂടെ പുതുകായിക സംസ്കാരം വളർത്തുകയെന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. ലോകകപ്പിനു മുന്നോടിയായി സംസ്ഥാനത്ത് ഒരു ലക്ഷം വിദ്യാർഥികൾക്ക് അടിസ്ഥാന ഫുട്ബോൾ പരിശീലനം നൽകും.
പ്രത്യേകം തയാറാക്കിയ പരിശീലന പാഠക്രമം അനുസരിച്ച് ദിവസവും ഒരുമണിക്കൂറാണ് പരിശീലനം. സംസ്ഥാനത്തെ അഞ്ചുലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്നതിന് “ഗോൾ” എന്നപേരിൽ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. ലോകകപ്പ് ആരംഭിക്കുന്ന 20നും 21നും 1000 പരിശീലന കേന്ദ്രങ്ങളിലെ പ്രത്യേകം സജ്ജമാക്കിയ ഗോൾ പോസ്റ്റുകളിൽ 1000 ഗോൾ വീതവും സംസ്ഥാനത്തൊട്ടാകെ 10 ലക്ഷം ഗോളുകളും സ്കോർ ചെയ്യപ്പെടും. 20ന് പകൽ രണ്ടു മുതൽ ആറുവരെ പൊതുജനങ്ങൾക്കും 21ന് രാവിലെ ഒൻപതു മുതൽ 12വരെ സ്കൂൾകുട്ടികൾക്കുമാണ് ഗോളടിക്കാൻ അവസരം.
ഓരോ ജില്ലയിലെയും കേന്ദ്രങ്ങളിലേക്ക് പരിശീലനത്തിനാവശ്യമയായ ഫുട്ബോളുകൾ ജില്ലാ സ്പോർട്സ് കൗൺസിൽ വിതരണം ചെയ്യും. പരിശീലകരെ തദ്ദേശീയമായിത്തന്നെ കണ്ടെത്തും. വൺ മില്യൺ ഗോൾ അംബാസിഡർമാരായി മുൻ സന്തോഷ് ട്രോഫി താരങ്ങൾ ക്യാമ്പയിന്റെ പ്രചാരണ പരിപാടികൾക്കു നേതൃത്വം നൽകുമെന്നും മന്ത്രി അറിയിച്ചു.















