ബൽജിയത്തിന്റെ സുവർണനിരയ്ക്ക് വയസ്സാകുന്നു. ഇത്തവണയില്ലെങ്കിൽ ഒരിക്കലുമില്ലെന്ന് ഭയപ്പെടുന്നവരുണ്ട്. കഴിഞ്ഞതവണ മൂന്നാംസ്ഥാനം നേടിയതാണ് പ്രധാന നേട്ടം. 1986ൽ നാലാംസ്ഥാനമുണ്ട്. 2014ൽ ക്വാർട്ടറിലെത്തി. ഇക്കുറി 14–-ാം ലോകകപ്പാണ്.
2018ൽ റഷ്യയിൽ മികച്ച തുടക്കമായിരുന്നു. പാനമ, ടുണീഷ്യ, ഇംഗ്ലണ്ട് ടീമുകളെ തോൽപ്പിച്ച് മുന്നേറി. പ്രീക്വാർട്ടറിൽ ജപ്പാനെയും ക്വാർട്ടറിൽ ബ്രസീലിനെയും മറികടന്നു. സെമിയിൽ ചാമ്പ്യൻമാരായ ഫ്രാൻസിനോട് ഒരു ഗോളിന് തോറ്റു. ലൂസേഴ്സ് ഫൈനലിൽ ഇംഗ്ലണ്ടിനെ രണ്ട് ഗോളിന് കീഴടക്കി.
ഇക്കുറി യൂറോപ്യൻ യോഗ്യതയിൽ എട്ടു കളിയിൽ ആറു ജയം, രണ്ട് സമനില. 25 ഗോളടിച്ചപ്പോൾ ആറെണ്ണം തിരിച്ചുവാങ്ങി. സൂപ്പർതാരങ്ങളുടെ വൻനിരയെയാണ് അവതരിപ്പിക്കുന്നത്. റയൽമാഡ്രിഡിന്റെ ഗോളി തിബൗ കോർട്വയാണ് ദേശീയടീമിന്റെ കാവൽക്കാരൻ. മധ്യനിരയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രയ്ൻ. മുന്നേറ്റത്തിൽ റൊമേലു ലുക്കാക്കവും ഏദൻ ഹസാർഡും. എല്ലാവരുടെയും പ്രായം മുപ്പതിനടുത്താണ്. പ്രതിരോധത്തെ പ്രായം ബാധിക്കുമോയെന്ന ആശങ്കയുണ്ട്. വിടവാങ്ങൽ പ്രഖ്യാപിച്ച വിൻസന്റ് കൊമ്പനിക്ക് പകരക്കാരനില്ല. ടോബി ആൽഡർവീൽഡിന് 33 വയസ്സായി. യാൻ വെർടോഗന് 35. കളിക്കാരുടെ മികവിലും കളിപ്പെരുമയിലും ടീം റാങ്കിങ്ങിലും മുന്നിലുള്ള ടീമിന് വലിയ വേദികളിലെ നിർണായക കളികളിൽ കാലിടറുന്നു.
ഫിഫ- റാങ്ക്: 2
ലോകകപ്പ് യോഗ്യത–14
മികച്ച പ്രകടനം: മൂന്നാംസ്ഥാനം (2018)
ക്യാപ്റ്റൻ: ഏദെൻ ഹസാർഡ്
കോച്ച്: റോബെർട്ടോ മാർട്ടിനെസ്
ഗ്രൂപ്പ് എഫ് മത്സരങ്ങൾ
നവംബർ 23–ക്യാനഡ (രാത്രി 12.30)
നവംബർ 27–മൊറോക്കോ (വെെകിട്ട് 6.30)
ഡിസംബർ 1–ക്രോയേഷ്യ (രാത്രി 8.30)
മോഡ്രിച്ച് =
കൊയേഷ്യ
ലോകകപ്പിലെ അത്ഭുതക്കുട്ടിയുടെ പേരാണ് ക്രൊയേഷ്യ. കഴിഞ്ഞതവണ റഷ്യയിൽ അവരുടെ ഫൈനൽ ആരെങ്കിലും പ്രവചിച്ചതാണോ? ആ റണ്ണറപ്പിന്റെ ഭാരവുമായാണ് ഖത്തറിലെത്തുന്നത്. ലൂക്കാ മോഡ്രിച്ചിന്റെ ബൂട്ടിലാണ് കുതിക്കാനുള്ള ഇന്ധനം. യുഗോസ്ലാവ്യയുടെ ഭാഗമായിരുന്ന രാജ്യം 1998ൽ അരങ്ങേറ്റത്തിൽത്തന്നെ ഞെട്ടിച്ചു. മൂന്നാംസ്ഥാനത്തോടെ മടക്കം. ആറ് ഗോളടിച്ച് ടോപ് സ്കോററായ ഡേവർ സുക്കറായിരുന്നു താരം. തുടർന്ന് 2002, 2006, 2014 വർഷങ്ങളിൽ ഗ്രൂപ്പ് ഘട്ടത്തിനപ്പുറം പോയില്ല.
ഒടുവിൽ 2018ൽ നൈജീരിയ, അർജന്റീന, ഐസ്ലൻഡ് ടീമുകളെ തോൽപ്പിച്ചാണ് തുടക്കം. പ്രീക്വാർട്ടറിൽ ഡെൻമാർക്കിനെയും ക്വാർട്ടറിൽ റഷ്യയെയും മറികടന്നു. സെമിയിൽ ഇംഗ്ലണ്ടിനെ മടക്കി. ഫൈനലിൽ ഫ്രാൻസിനോട് ഏകപക്ഷീയ തോൽവി (2–-4). മോഡ്രിച്ച്, ഇവാൻ റാകിടിച്ച്, ഇവാൻ പെരിസിച്ച് ത്രയങ്ങളാണ് വിരുന്നൊരുക്കിയത്. റാകിടിച്ച് വിരമിച്ചു. മോഡ്രിച്ചിന് 37 വയസ്സായി. പെരിസിച്ചിന് 33. എങ്കിലും ഏതുകൂടാരവും തകർക്കാനുള്ള വെടിമരുന്ന് ഇവരുടെ ബൂട്ടിലുണ്ട്. മധ്യനിരയിൽ ബ്രോസോവിച്ച്, പ്രതിരോധത്തിൽ ലോവ്റൻ, പ്രതിരോധത്തിൽ വിദ എന്നിവരും പിന്തുണയ്ക്കുണ്ട്.
ഫിഫ റാങ്ക്: 15
ലോകകപ്പ് യോഗ്യത–- 6 തവണ
മികച്ച പ്രകടനം: ഫൈനൽ (2018)
ക്യാപ്റ്റൻ: ലൂക്കാ മോഡ്രിച്ച്
കോച്ച്: സ്ലാഡ്കോ ഡാലിച്ച്
മത്സരങ്ങൾ
നവംബർ 23 – മൊറോക്കോ (പകൽ 3.30)
നവംബർ 27 – ക്യാനഡ (രാത്രി 9.30)
ഡിസംബർ 1 – ബൽജിയം (രാത്രി 8.30)