തിരുവനന്തപുരം
അധ്യാപികയെ പീഡിപ്പിച്ച കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ വാദങ്ങൾ പൊളിച്ച് സാക്ഷിമൊഴികൾ. യുവതിയുമായി പരിചയമില്ലെന്നു സ്ഥാപിക്കാനുള്ള എംഎൽഎയുടെ നീക്കത്തിനെതിരാണ് ഡ്രൈവർ ജിഷ്ണുവടക്കമുള്ളവരുടെ മൊഴി. പീഡനം നടന്ന സ്ഥലങ്ങളിൽ കുന്നപ്പിള്ളി എത്തിയതിനും യുവതിയെ കോവളത്ത് എത്തിച്ച് മർദിച്ചതിനും സാക്ഷികളുണ്ട്.
എംഎൽഎയുടെ മൊഴികളിലെ വൈരുധ്യം ശ്രദ്ധയിൽപ്പെട്ടതോടെ തിങ്കളാഴ്ച വീണ്ടും ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. രാവിലെ 10ന് ആരംഭിച്ച് ഉച്ചയോടെ അവസാനിച്ചു. കുന്നപ്പിള്ളിക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെ ചോദ്യംചെയ്തുള്ള അപ്പീൽ പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. യുവതിയെ കുന്നപ്പിള്ളി മർദിച്ചതിൽ കൂട്ടുപ്രതികളായ അഭിഭാഷകർക്കെതിരെ കേസെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് അഭിഭാഷകർ ഹൈക്കോടതി നടപടികൾ ബഹിഷ്കരിച്ചതോടെയാണ് അപ്പീൽ പരിഗണിക്കുന്നത് മാറ്റിയത്. പരാതിക്കാരിയെ മർദിച്ച കേസിൽ കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യഹർജിയിൽ വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. കുന്നപ്പിള്ളിക്കു പുറമെ അഭിഭാഷകരായ അലക്സ്, ജോസ്, മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കുറ്റ്യാണി സുധീർ, ഓൺലൈൻ മാധ്യമപ്രവർത്തകൻ രാഗം രാധാകൃഷണൻ എന്നിവരാണ് പ്രതികൾ.