കൊച്ചി> നടിയെ ആക്രമിച്ച കേസില് അധിക കുറ്റപത്രം വായിച്ച് കേൾക്കുന്നതിനായി ദിലീപും കൂട്ടുപ്രതി ശരത്തും എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ ഹാജരായി. തെളിവ് നശിപ്പിച്ചതടക്കം പുതുതായി ചുമത്തിയ രണ്ട് കുറ്റങ്ങളും നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ദിലീപും ശരത്തും നൽകിയ ഹർജികൾ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു.
ക്രൈംബ്രാഞ്ച് നൽകിയ തുടരന്വേഷണ റിപ്പോർട്ടിലെ തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നും തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നുമായിരുന്നു എട്ടാം പ്രതി ദിലീപ് 15 ആം പ്രതി ശരത്ത് എന്നിവർ ആവശ്യപ്പെട്ടത്. ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ തങ്ങൾക്കെതിരെ പുതിയ കണ്ടെത്തലുകൾ ഉണ്ടായിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.ഇതാണ് കോടതി തള്ളിയത്.
എന്നാൽ നടിയെ ആക്രമിച്ച ദൃശ്യം ദിലിപിന്റെ കൈവശമെത്തിയതിന് തെളിവുണ്ടെന്നും ശരത്തുമായി ചേർന്ന് ഇതുമായി ബന്ധപ്പെട്ട് ഫോൺരേഖകൾ വാട്സ് ആപ് ചാറ്റുകൾ അടക്കം നശിപ്പിച്ചെന്നുമായിരുന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഗൂഡാലോചനയിൽ ഇരുവർക്കുമെതിരായ പുതിയ കണ്ടെത്തലുകൾ നിലനിൽക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദങ്ങൾ പരിഗണിച്ചാണ് പ്രതികളുടെ ഹർജികൾ കോടതി തള്ളിയത്.














