ആലപ്പുഴ > പക്ഷിപ്പനി സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം അയച്ച ഏഴംഗ വിദഗ്ധ സംഘം ആലപ്പുഴയിലെത്തി. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള അവലോകനയോഗത്തിൽ പങ്കെടുക്കുകയാണ് സംഘം. പക്ഷിപ്പനി സ്ഥിരീകരണത്തിൽ കാലതാമസം ഉണ്ടാകുന്നതായി ആലപ്പുഴ ജില്ലാ കലക്ടർ പറഞ്ഞു. പക്ഷിപ്പനി കേരളത്തിൽ തന്നെ സ്ഥിരീകരിക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് കേന്ദ്ര സംഘത്തോട് ജില്ലാ കലക്ടർ ആവശ്യപ്പെട്ടു.
പക്ഷിപ്പനി ബാധിച്ച ഹരിപ്പാട് നഗരസഭയിലെ വഴുതാനം പടിഞ്ഞാറ്, വടക്ക് പാടശേഖരങ്ങളിൽ പക്ഷികളെ നശിപ്പിക്കുന്ന നടപടികൾ പൂർത്തിയായി. ആദ്യ ദിവസം 15,694 താറാവുകളെയാണ് കൊന്നൊടുക്കിയത്. വെള്ളിയാഴ്ച പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 16 വീടുകളിലായി 173 താറാവുകളെയും 70 കോഴികളെയും കൊന്നു. 33 മുട്ടകളും നശിപ്പിച്ചു. മൂന്ന് ആർആർറ്റികളാണ് പ്രവർത്തിച്ചത്. പിപിഇ കിറ്റ് ധരിച്ച് വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് കേന്ദ്ര മാനദണ്ഡ പ്രകാരമാണ് കള്ളിങ് നടത്തുന്നത്.