തിരുവനന്തപുരം > സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ വനിതകളുടെ സംവിധാനത്തിലുള്ള സിനിമ പദ്ധതിയിൽ നിർമിച്ച ആദ്യ സിനിമ “നിഷിദ്ധോ’ നവംബർ 11ന് തീയറ്ററുകളിലേക്ക്. താര രാമാനുജൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിന് ഒട്ടാവ ഇന്ത്യൻ ഫിലിം ഫെസ്റ്റിവെൽ അവാർഡ്സിൽ (ഒഐഎഫ്എഫ്എ) മികച്ച ചിത്രത്തിനുള്ള പുരസ്കാരവും, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിരുന്നു.
വനിതാ സംവിധായകരെ പിന്തുണയ്ക്കുന്നതിനും സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കോർപറേഷൻ ‘വനിതകളുടെ സംവിധാനത്തിലുള്ള സിനിമ’ പദ്ധതി ആരംഭിച്ചത്. വർഷത്തിൽ രണ്ട് സിനിമയാണ് ഇതുവഴി നിർമിക്കുന്നത്.
26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യയിലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള കെ ആർ മോഹനൻ പുരസ്കാരം നിഷിദ്ധോയിലൂടെ താര രാമാനുജൻ നേടിയിരുന്നു.















