തിരുവനന്തപുരം> സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന കോർകമ്മിറ്റിയിലും സംസ്ഥാന നേതൃത്വത്തിലേക്കും എത്തിക്കുമെന്ന് പ്രചരിപ്പിച്ചതിനു പിന്നിൽ ഗൂഢലക്ഷ്യങ്ങളെന്ന് സുരേന്ദ്രൻവിരുദ്ധ വിഭാഗം. നിലവിലെ പ്രസിഡന്റ് കെ സുരേന്ദ്രനെ പിന്തുണയ്ക്കുന്നവരാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. സുരേഷ് ഗോപിയെ കോർകമ്മിറ്റിയിൽ ഉൾപ്പെടുത്തിയെന്നത് വെറും തള്ള് മാത്രമാണെന്ന് സുരേന്ദ്രൻ വിരുദ്ധവിഭാഗത്തിലെ പ്രമുഖ നേതാവ് പറഞ്ഞു. അത്തരത്തിൽ ഒരു കത്തും കേന്ദ്രനേതൃത്വം അയച്ചിട്ടില്ലത്രെ.
ഡിസംബറിൽ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷസ്ഥാനം ഒഴിയണമെന്ന് കേന്ദ്രനേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു. പകരം സാധ്യത എതിർ ഗ്രൂപ്പ് നേതാവ് എം ടി രമേശിനാണ്. ഇത് ഒരു കാരണവശാലും നടക്കരുതെന്നാണ് വി മുരളീധരന്റെയും സുരേന്ദ്രന്റെയും ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് സുരേഷ് ഗോപിയെ മറയാക്കിയുള്ള പ്രചാരണം. സംഘടനാ സെക്രട്ടറി ബി എൽ സന്തോഷാണ് ഈ നീക്കത്തിന് എല്ലാ സഹായങ്ങളും നൽകുന്നത്. പ്രസിഡന്റ് സ്ഥാനത്തിന് സുരേഷ് ഗോപിയാണ് ഉചിതമെന്ന പ്രചാരണം ശക്തമാക്കിയാൽ കേന്ദ്രനേതൃത്വത്തിന് എതിർപ്പുണ്ടാകില്ല. ദൈനംദിന രാഷ്ട്രീയം കൈകാര്യം ചെയ്യാൻ അറിയാത്തതിനാൽ സുരേഷ് ഗോപി വന്നാലും താമസിയാതെ ഇട്ടുപോകുമെന്നും ഇവർ കണക്കുകൂട്ടുന്നു.
സംസ്ഥാന ബിജെപിയിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ചിലരുടെ നീക്കമാണ് പിന്നിൽ. മുമ്പ് അത്തരത്തിൽ നിർദേശം ദേശീയനേതാക്കൾ മുന്നോട്ടുവച്ചപ്പോൾ സുരേഷ് ഗോപിതന്നെ അത് തള്ളിയിരുന്നു. സംഘടനയിലെ സ്ഥാനമല്ല, സർക്കാരുമായി ബന്ധപ്പെട്ട പൊതുവായ സ്ഥാനങ്ങളിലാണ് താൽപ്പര്യമെന്നും അറിയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പും മകനെ വഴിവിട്ട് സഹായിച്ചതും സുരേന്ദ്രനും സംഘത്തിനും എതിരായ വിഭാഗം ഉപയോഗിക്കുന്നു. പാർടിക്ക് നാണക്കേടുണ്ടാക്കിയ കെ സുരേന്ദ്രനെ ദേശീയ നേതാക്കൾ പാടെ തള്ളിയിരുന്നു. തിരുവനന്തപുരത്ത് വന്നപ്പോൾ കാണാൻപോലും കെ സുരേന്ദ്രന് അമിത് ഷാ സമ്മതം നൽകിയിരുന്നില്ല. ഇതിനിടെ, പാർടി ഓഫീസ് ഫണ്ട് വെട്ടിപ്പും ഇടുക്കിയിലെ ദേശീയസമിതിയംഗം ശ്രീനഗരി രാജനെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളും ദേശീയ നേതൃത്വത്തിന് തലവേദനയായി. പുതിയ അഴിമതിക്കഥകളാണ് ദിവസേന നേതാക്കൾതന്നെ പുറത്തുവിടുന്നത്.















