തിരുവനന്തപുരം
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ നവംബർ പത്തിനുമുമ്പ് പൂർത്തിയാക്കും. രണ്ടിന് ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ യോഗം ചേരും.
മുന്നൊരുക്കങ്ങൾ വിലയിരുത്താനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതല യോഗവും ദേവസ്വംമന്ത്രി കെ രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ നിരവധി യോഗങ്ങളും ചേർന്നിരുന്നു. ശബരിമല മാസ്റ്റർ പ്ലാനിനായി 135.53 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്. ഈ വർഷം 30 കോടി ചെലവഴിക്കും. പമ്പാ ഗണപതി ക്ഷേത്രംമുതൽ ഹിൽടോപ്പ് വരെ റെസ്ക്യൂ ബ്രിഡ്ജിന്റെ നിർമാണത്തിന് മൂന്നു കോടിയും ദേവസ്വം ബോർഡ് ക്യാമ്പ് കൺട്രോൾ ഓഫീസ് നിർമാണത്തിന് 5.5 കോടിയും നിലയ്ക്കലിൽ റോഡുകളുടെയും പാലങ്ങളുടെയും നിർമാണത്തിന് നാലു കോടിയും വകയിരുത്തി. ശബരിമലയിൽ തീർഥാടന സൗകര്യ കേന്ദ്രത്തിന്റെയും തന്ത്രിമഠത്തിന്റെയും നിർമാണത്തിന് 10 കോടിയും അന്നദാനമണ്ഡപം ഉൾപ്പെടെ വിവിധ കെട്ടിടങ്ങൾക്ക് അഗ്നിശമന ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ മൂന്നു കോടിയും ഈവർഷം വകയിരുത്തി.
മരക്കൂട്ടംമുതൽ ശരംകുത്തിവരെയുള്ള ക്യൂ കോംപ്ലക്സ്, മാലിന്യസംസ്കരണ പ്ലാന്റ്, 5000 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന അന്നദാന മണ്ഡപം, 60 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്ക്, ദർശനം കോംപ്ലക്സ്, ടോയ്ലറ്റ് കോംപ്ലക്സ് തുടങ്ങിയവ മാസ്റ്റർ പ്ലാൻ പദ്ധതി പ്രകാരം ഇതിനകം പൂർത്തിയാക്കി.
ഇടത്താവളങ്ങളിൽ സൗകര്യമൊരുക്കുന്നതിനായി കിഫ്ബി വഴി 118.35 കോടി രൂപ വകയിരുത്തി. ശബരിമലയിലും പമ്പയിലും അടക്കം നിർമാണപ്രവർത്തനങ്ങൾക്ക് കേന്ദ്രാനുമതി വൈകുന്നത് ചില പദ്ധതികളുടെ കാലതാമസത്തിന് ഇടയാകുന്നുണ്ട്.















