തിരുവനന്തപുരം
ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ‘പ്രീതി’ പിൻവലിച്ച ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെ കോടതിയിൽ പരാതി നൽകിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളുമായി ചില മുഖ്യധാരാ മാധ്യമങ്ങൾ. പരാതി വൈകുന്നതിലെ അസ്വസ്ഥതകളും പല മാധ്യമങ്ങളും മറച്ചുവയ്ക്കുന്നില്ല. ഉത്തർപ്രദേശ് അടക്കം ഉത്തരേന്ത്യൻ സർവകലാശാലകളിലെ സംവിധാനമേ അല്ല കേരളത്തിലുള്ളത്. അവിടെനിന്ന് വരുന്നവർക്ക് അത് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് കാര്യവട്ടത്ത് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞതിന്റെ ഉള്ളടക്കം. ഇതിനെ ‘ഗവർണറെ കടന്നാക്രമിച്ച് ബാലഗോപാൽ’ എന്ന രീതിയിൽ നിറംപിടിപ്പിച്ചാണ് ചില മാധ്യമങ്ങൾ വാർത്ത നൽകിയത്.
വാർത്തകൾ പരിശോധിച്ച ഗവർണർ ആദ്യം ക്ഷോഭിച്ചെങ്കിലും തുടർന്ന് പ്രസംഗത്തിന്റെ മുഴുവൻ വീഡിയോയും കണ്ടു. രണ്ട് പ്രദേശത്തെ സർവകലാശാലകളുടെ വ്യത്യാസം അതിൽ വളരെ വ്യക്തമായി പറയുന്നുണ്ട്. ദേശവിരുദ്ധതയോ മറ്റുസംസ്ഥാനത്തെ ഇകഴ്ത്തലോ എവിടെയുമില്ല. എന്നിട്ടും, ഒന്നിലധികം പത്രങ്ങൾ ‘ഗവർണർക്കെതിരെയാണ് പ്രസംഗം’ എന്ന് റിപ്പോർട്ട് ചെയ്തതാണ് ഗവർണറെ സംശയാലുവാക്കിയത്. ഇതിൽ ഊന്നിയാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചതും. തനിക്ക് പരിപൂർണ വിശ്വാസമായതിനാൽ ബാലഗോപാലിനെ മാറ്റേണ്ടതില്ലെന്നെ മുഖ്യമന്ത്രിയുടെ മറുപടിയിൽ അത് അവസാനിച്ചു.
ഇതിൽ തൃപ്തിവരാതെ മാധ്യമങ്ങളിൽ ഒരുവിഭാഗം ബാലഗോപാലിനെതിരെ കേസ് കൊടുപ്പിച്ചേ അടങ്ങൂവെന്ന വിധത്തിൽ കൊണ്ടുപിടിച്ച പ്രചാരണത്തിലാണ്. അതിനിടെ, ഗവർണറുടെ ‘അതിവിചിത്രമായ നടപടികളിൽ സംതൃപ്തി’ പ്രകടിപ്പിച്ച് സംഘപരിവാർ നേതാക്കൾ രാജ്ഭവനിലേക്കടക്കം സന്ദേശങ്ങൾ അയക്കുന്നുണ്ട്. ഗവർണറായിരുന്ന ജസ്റ്റിസ് സദാശിവത്തെ ‘സദാശവം’ എന്ന് ആക്ഷേപിച്ച ബിജെപി നേതാവടക്കം കുത്തിത്തിരുപ്പുകളിൽ സന്തുഷ്ടി അറിയിച്ചിട്ടുണ്ട്.















