തിരുവനന്തപുരം
കേന്ദ്ര സർക്കാർ വിൽപ്പനയ്ക്കുവച്ച ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് (എച്ച്എൻഎൽ) ഏറ്റെടുത്ത് കേരള സർക്കാർ പുനഃസംഘടിപ്പിച്ച വെള്ളൂർ കേരള പേപ്പർ പ്രോഡക്ട് ലിമിറ്റഡിൽ (കെപിപിഎൽ) നവംബർ ഒന്നിന് ഉൽപ്പാദനം ആരംഭിക്കും. രണ്ടാം പിണറായി സർക്കാർ നാടിന് സമർപ്പിക്കുന്ന മറ്റൊരു ബദൽ വികസന മാതൃകയാണിത്. മൂന്നര വർഷത്തിലേറെ പൂട്ടിക്കിടന്ന സ്ഥാപനം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പദ്ധതി തയ്യാറാക്കി തുറന്നുപ്രവർത്തിപ്പിക്കുന്നത് രാജ്യത്തിന്റെ വ്യാവസായിക ചരിത്രത്തിലാദ്യമാണെന്ന് മന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെപിപിഎൽ ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും
ഉൽപ്പാദനം ആരംഭിക്കുന്നതോടെ വർഷം 3000 കോടി വിറ്റുവരവുള്ള സ്ഥാപനമായി കെപിപിഎൽ മാറും. മൂവായിരം പേർക്ക് തൊഴിലും വർഷം അഞ്ചുലക്ഷം മെട്രിക് ടൺ ഉൽപ്പാദനവുമാണ് ലക്ഷ്യമിടുന്നത്. ഉന്നത ഗുണമേന്മയുള്ള ന്യൂസ്പ്രിന്റും 52-–-70 ജിഎസ്എം പ്രിന്റിങ് പേപ്പറും ഉൽപ്പാദിപ്പിക്കും. പാക്കേജിങ്, പേപ്പർ ബോർഡുകളും നോട്ടുബുക്കുകൾക്കും ടെക്സ്റ്റ് ബുക്കുകൾക്കും ആവശ്യമായ ഗ്രേഡിലുള്ള പേപ്പറുകളും ലക്ഷ്യമിടുന്നുണ്ട്. ഈ സാമ്പത്തികവർഷംതന്നെ കമ്പനി ലാഭത്തിലാകും.
1979ൽ കേരളം നൽകിയ 700 ഏക്കർ ഭൂമിയിൽ ആരംഭിച്ച എച്ച്എൻഎൽ രാജ്യത്തെ പ്രമുഖ ന്യൂസ്പ്രിന്റ് ഫാക്ടറിയായിരുന്നു. പിന്നീട് നഷ്ടത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ കമ്പനി പൂട്ടി വിൽപ്പനയ്ക്ക് വച്ചു. സ്ഥാപനം കൈമാറണമെന്ന സംസ്ഥാനത്തിന്റെ അഭ്യർഥന കേന്ദ്രം പരിഗണിച്ചില്ല. തുടർന്ന് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ മുമ്പാകെ ലേലത്തിൽ പങ്കെടുത്ത് കേരളം കമ്പനി ഏറ്റെടുത്തു പൊതുമേഖലയിൽ നിലനിർത്തി. ജനുവരി ഒന്നിന് പുനരുദ്ധാരണപ്രക്രിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
നാല് ഘട്ടമായാണ് കമ്പനിയുടെ പുനരുദ്ധാരണം. റെക്കോഡ് വേഗതയിലാണ് ഇവ നടപ്പാക്കിയത്. ഒന്നാംഘട്ടത്തിൽ 34.3 കോടി ചെലവഴിച്ച് മൂന്ന് പ്ലാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി. രണ്ടാംഘട്ടത്തിൽ 44.94 കോടി മുടക്കി കെമിക്കൽ മെക്കാനിക്കൽ പ്ലാന്റുകൾ പുനരുദ്ധരിച്ചു. ബാങ്കുകളുടെയും ധനസ്ഥാപനങ്ങളുടെയും പിന്തുണയോടെ മൂന്നും നാലും ഘട്ടങ്ങൾക്കുള്ള തുക സമാഹരിക്കും. 27 മാസംകൊണ്ട് പൂർത്തിയാക്കുന്ന മൂന്നാംഘട്ടത്തിനായി 650 കോടി ചെലവഴിക്കും. ഉയർന്ന ഗുണമേന്മയുള്ള പാക്കേജിങ് ബോർഡുകളാണ് ഈ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. നാലാംഘട്ടം 17 മാസംകൊണ്ട് പൂർത്തിയാക്കി പാക്കേജിങ് ഗ്രേഡ് പേപ്പർ ഉൽപ്പാദിപ്പിക്കും. 350 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
അസംസ്കൃതവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും നടപടി സ്വീകരിച്ചു. എച്ച്എൻഎല്ലിന്റെയും വനം വകുപ്പിന്റെയും തോട്ടത്തിൽനിന്ന് 24,000 മെട്രിക് ടൺ തടി ലഭ്യമാക്കി. സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലുമുള്ള വേസ്റ്റ് പേപ്പറും ഉപയോഗിക്കും. മത്സരക്ഷമവും ലാഭകരവുമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാകും കെപിപിഎല്ലെന്നും മന്ത്രി പി രാജീവ് പറഞ്ഞു.