തിരുവനന്തപുരം> നൂറുകണക്കിന് ഫയൽ തീർപ്പാക്കിയും ചികിൽസാ സഹായ മടക്കമുള്ള ക്ഷേമ പ്രവർത്തനങ്ങൾക്ക് ആറു കോടിയിലേറെ രൂപ അനുവദിച്ചും പട്ടികജാതി വർഗ, പിന്നാക്ക വിഭാഗ, ദേവസ്വം, പാർലമെന്ററികാര്യ വകുപ്പിന്റെ ഫയൽ തീർപ്പാക്കൽ അദാലത്ത്. തൈക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ചേർന്ന അദാലത്ത് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
അഡീഷണൽ ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, ദേവസ്വം സെക്രട്ടറി കെ ബിജു, എസ് സി ഡയക്ടർ അഞ്ജു കെ എസ്, പിന്നാക്ക വിഭാഗ ഡയറക്ടർ വിനയ് ഗോയൽ, എസ് ടി ഡയറക്ടർ അർജുൻ പാണ്ഡ്യൻ തുടങ്ങിയവർ ഒപ്പമിരുന്ന് പരിശോധിച്ചതോടെ 642 ഫയലുകളാണ് ഒരു പകൽ കൊണ്ട് തീർപ്പാക്കിയതെന്ന് മന്ത്രി അറിയിച്ചു. പട്ടികജാതി വിഭാഗത്തിൽ 299 പേർക്കായി 5.98 കോടി രൂപയും പട്ടിക വർഗ വിഭാഗത്തിൽ 43 പേർക്കായി 34.87 ലക്ഷം രൂപയും അനുവദിച്ചു. പട്ടികവർഗ ഹോസ്റ്റലുകളിലെ കുക്കുമാരിൽ നിന്നും ജീവനക്കാരിൽ നിന്നും ഈടാക്കിയ പ്രതിദിന മെസ് ഫീസ് 60 ശതമാനത്തിൽ നിന്ന് 30 ശതമാനമാക്കി കുറച്ചിട്ടുണ്ട്.
സാങ്കേതികത്വത്തിന്റെ ചരടുകളിൽ കുടുക്കി സാധാരണക്കാരുടെ ജീവിതം ദുരിതപൂർണ്ണമാക്കാതിരിക്കാൻ ജീവനക്കാർ വളരെ ശ്രദ്ധിക്കണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ അഭ്യർത്ഥിച്ചു. നിയമങ്ങളും ചട്ടങ്ങളും പാലിച്ച് സുതാര്യമായും കാര്യക്ഷമമായും തീർപ്പാക്കണം. കൂട്ടായ പ്രവർത്തനത്തിലൂടെ ഫലപ്രാപ്തി കൈവരിക്കാമെന്നും മന്ത്രി കെ രാധാകൃഷ്ണൻ കൂട്ടിചേർത്തു.