തിരുവനന്തപുരം> ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഹരി വിമുക്തമാക്കാൻ ‘ആസാദ് ’ പേരിൽ സ്ഥിരം കർമ സേന വരുന്നു. നാഷണൽ സർവീസ് സ്കീം, എൻസിസി കേഡറ്റുമാരെയും ചേർത്തുള്ള ലഹരിവിരുദ്ധ കർമസേനയായ ഏജന്റ്സ് ഫോർ സോഷ്യൽ അവെയർനെസ് എഗൈൻസ്റ്റ് ഡ്രഗ്സ് (ആസാദ) രൂപീകരണ പ്രഖ്യാപനം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ലഹരിമുക്ത ക്യാമ്പസുകൾ ലക്ഷ്യമിട്ടുള്ള ‘ബോധപൂർണിമ’ ക്യാമ്പയിനിന്റെ ഭാഗമായാണ് ‘ആസാദ്’ സേന. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ‘ആസാദ്’ രൂപീകരണ-നാമകരണ ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി.
എൻഎസ്എസ് – എൻസിസി വിദ്യാർഥികളിൽനിന്നും തെരഞ്ഞെടുക്കുന്ന 10 വീതമുള്ള (ആകെ 20) വളണ്ടിയർമാർ ചേരുന്നതാണ് ക്യാമ്പസ് തല ‘ആസാദ്’ സേന. ഓരോ ‘ആസാദും’ മൂന്നുവർഷം ലഹരിവിരുദ്ധപ്രവർത്തനങ്ങളിൽ പങ്കാളിയാവണം. വളണ്ടിയർമാർക്ക് കൗൺസലിങ്, നിയമാവബോധം, ആശയവിനിമയ നൈപുണി എന്നിവയിൽ പരിശീലനം നൽകും. മികച്ച ‘ആസാദു’മാരെ ആദരിച്ച് സാക്ഷ്യപത്രം നൽകും.
പ്രിൻസിപ്പൽ ചെയർമാനും എൻഎസ്എസ് പ്രോഗ്രാം ഓഫീസറും എൻസിസി ഓഫീസറും മെമ്പർ സെക്രട്ടറിമാരുമായിട്ടാണ് ‘ആസാദ്’ ക്യാമ്പസ് തല ഭരണസംവിധാനം. മുതിർന്ന അധ്യാപകർ, പിടിഎ പ്രതിനിധി, തദ്ദേശസ്ഥാപന പ്രതിനിധി, ഹെൽത്ത് ഇൻസ്പെക്ടർ, പൊലീസ്, എക്സൈസ് , സാമൂഹ്യനീതി പ്രതിനിധി, രണ്ട് പ്രാദേശിക സാമൂഹ്യപ്രവർത്തകർ എന്നിവർ ‘ആസാദ്’ എക്സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ടാവും.
സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും മുഴുവൻ വിദ്യാർഥകളുടെയും രക്ഷാകർത്താക്കളും തിരഞ്ഞെടുത്ത പ്രാദേശിക യുവജന ക്ളബ്ബുകളുടെ പ്രതിനിധികളും ക്ലാസ് പ്രതിനിധികൾ, പൂർവവിദ്യാർഥിപ്രതിനിധി, വിരമിച്ച അധ്യാപകരും മറ്റു ജീവനക്കാരും എന്നിവർ ഉൾപ്പെട്ടതാണ് ജനറൽ ബോഡി. മൂന്നു മാസംകൂടുമ്പോൾ എക്സിക്യൂട്ടീവ് കമ്മിറ്റി ചേരും. ജില്ലാ ഭരണ സംവിധാനത്തിലെ പ്രതിനിധി അധ്യക്ഷനായി ‘ആസാദ്’ ജില്ലാതല ഭരണ സംവിധാനം.
ആസാദ് അംഗങ്ങൾക്ക് പെരുമാറ്റചട്ടം
‘ആസാദ്’ അംഗങ്ങൾക്ക് പെരുമാറ്റച്ചട്ടത്തിനും രൂപം നൽകി. സ്ഥാപനത്തിലും സമൂഹത്തിലും അച്ചടക്കം പാലിക്കൽ, പ്രശ്നങ്ങളെ സമചിത്തതയോടെ സമീപിക്കൽ, ലഹരി ഉപയോഗമോ വിൽപനയോ ശ്രദ്ധയിൽപെട്ടാൽ സ്ഥാപനമേധാവിയെയോ മെമ്പർ സെക്രക്യാമ്പസ് – ജില്ല – സംസ്ഥാന തലങ്ങളിൽട്ടറിമാരെയോ എക്സൈസ്, -സാമൂഹ്യനീതി ഉദ്യോഗസ്ഥരെയോ അറിയിക്കൽ, ദയയും സഹാനുഭൂതിയും പുലർത്തി വിദ്യാർഥികളുടെ സമ്മതി നേടൽ, സാമൂഹ്യവിരുദ്ധശക്തികളുമായും ലഹരിവിതരണക്കാരുമായും തർക്കങ്ങളും ബലപ്രയോഗങ്ങളും ഉണ്ടാവാതെ ശ്രദ്ധിക്കൽ എന്നിവ ഇതിൽപ്പെടും.