കൊച്ചി
കാസർകോട് കേന്ദ്രസർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എച്ച് വെങ്കിടേശ്വരലുവിന്റെ നിയമനം ചോദ്യംചെയ്ത് വീണ്ടും ഹർജി. കേന്ദ്രസർവകലാശാലാ വിസി നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചുരുക്കപ്പട്ടികയിലെ ഒന്നാമനും ഗുജറാത്തിൽ സ്ഥിരതാമസക്കാരനും മലയാളിയുമായ പ്രൊഫ. ഡോ. ടി എസ് ഗിരീഷ്കുമാറാണ് ഹർജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിച്ച്, കേന്ദ്രസർക്കാരിനും വിസിക്കും നോട്ടീസ് അയക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.
കേരളത്തിലെ വിസിമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ കത്തെഴുതുന്നതിനിടെയാണ് കേന്ദ്രസർവകലാശാലാ വിസിക്ക് വീണ്ടും ഹൈക്കോടതി നോട്ടീസ് നൽകിയത്.
വെങ്കിടേശ്വരലുവിനെ തുടരാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് സ്വദേശി ഡോ. നവീൻ പ്രകാശ് നൗട്യാൽ നൽകിയ ഹർജിയിൽ കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഈ കേസ് നവംബർ 14ന് പരിഗണിക്കാനിരിക്കെയാണ് വീണ്ടും ഹർജി സമർപ്പിച്ചത്.
കാസർകോട് കേന്ദ്രസർവകലാശാലാ വിസി നിയമനത്തിന് 2019ൽ 223 പേരാണ് അപേക്ഷിച്ചത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉന്നതവിദ്യാഭ്യാസവകുപ്പ് രൂപംനൽകിയ സെലക്ഷൻ കമ്മിറ്റി ഇവരിൽനിന്ന് 16 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. അതിൽ അഞ്ചുപേരുകൾ ഉൾപ്പെട്ട പാനൽ സർവകലാശാലാ വിസിറ്റർകൂടിയായ രാഷ്ട്രപതിക്ക് സമർപ്പിച്ചു. എന്നാൽ, പാനലിൽ യോഗ്യരായവരില്ലെന്ന് പറഞ്ഞ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിലെ ഉന്നതവിദ്യാഭ്യാസവകുപ്പ് വിസിറ്റർക്ക് കുറിപ്പു നൽകി. ഇത് പരിഗണിച്ച് നിലവിലെ പട്ടിക ഒഴിവാക്കിയ വിസിറ്റർ, പുതിയ പാനൽ ആവശ്യപ്പെട്ട് അതിൽനിന്ന് നിയമനം നടത്തിയെന്ന് ഹർജിയിൽ പറയുന്നു.
സെലക്ഷൻ കമ്മിറ്റി നിർദേശിച്ച പാനലിലുള്ളവർക്ക് യോഗ്യതയില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിന് പറയാനാകില്ലെന്നും ഇത്തരമൊരു നിർദേശം സ്വീകരിക്കാൻ വിസിറ്റർക്ക് നിയമപരമായി കഴിയില്ലെന്നുമാണ് ഹർജിക്കാരന്റെ വാദം.















