ന്യൂഡൽഹി
സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ ആരിഫ് മൊഹമദ് ഖാന്റെ ഇരട്ടത്താപ്പ് പുറത്ത്. കേസുമായി ബന്ധപ്പെട്ട് സെപ്തംബറിൽ സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിസി നിയമനവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളെയും ചാൻസലർകൂടിയായ ഗവർണർ പിന്തുണച്ചു. കോടതിയിൽ കൈക്കൊണ്ട നിലപാടിന് കടകവിരുദ്ധമാണ് ഗവർണറുടെ ഇപ്പോഴത്തെ നിലപാട്.
സാങ്കേതിക സർവകലാശാല വിസി നിയമനം ചോദ്യംചെയ്തുള്ള ഹർജിയിൽ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. സർവകലാശാലാ നിയമവും യുജിസി റെഗുലേഷനുകളും പാലിച്ചാണ് വിസി നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ചതെന്ന് ഗവർണർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. സെർച്ച് കമ്മിറ്റി ഒരാളുടെ പേര് മാത്രം ശുപാർശ ചെയ്യാനിടയായതിനെക്കുറിച്ചും ഗവർണർ വിശദീകരിച്ചു. ‘സെർച്ച് കമ്മിറ്റി യോഗത്തിൽ അംഗങ്ങൾക്ക് ഐകകണ്ഠ്യേന മൂന്ന് പേരുള്ള പാനൽ രൂപീകരിക്കാനായില്ല. തുടർന്ന്, കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളും മുദ്രവച്ച കവറിൽ അവരുടെ ശുപാർശ കൈമാറി. സർവകലാശാല നിയമത്തിലെ 13 (4) വകുപ്പ് പ്രകാരമായിരുന്നു നടപടി. മൂന്ന്പേരും ഡോ. രാജശ്രീയുടെ പേര് ശുപാർശ ചെയ്തതിനാലും 2018 ജനുവരി മുതൽ വിസി പദവി ഒഴിഞ്ഞുകിടക്കുന്നതിനാലും നിയമനം അംഗീകരിച്ചു’–-സത്യവാങ്മൂലത്തിൽ പറയുന്നു. ചീഫ്സെക്രട്ടറി സെർച്ച് കമ്മിറ്റിയിൽ അംഗമാകുന്നതിൽ നിയമപ്രശ്നം ഇല്ലെന്നും ഗവർണർ സത്യവാങ്മൂലത്തിൽ പറഞ്ഞു.