പാലക്കാട് > കേരളത്തിൽ രാഷ്ട്രപതി ഭരണമല്ലെന്ന് ഗവർണർ ഓർക്കണമെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. സിപിഐ എം കോങ്ങാട് ലോക്കൽ കമ്മിറ്റി ഓഫീസ് വീമ്പൻ സ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങൾ തെരഞ്ഞെടുത്ത ജനാധിപത്യ സർക്കാരാണ് കേരളം ഭരിക്കുന്നത്. രാജ്യത്തിന് മാതൃകയായ ബദൽ നയങ്ങളാണ് പിണറായി സർക്കാർ നടപ്പാക്കുന്നത്. കേരള ജനതയെ വെല്ലുവിളിക്കുകയാണ് ഗവർണർ. സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ഗവർണർ പദവി ദുരുപയോഗം ചെയ്യുന്നു. ഇത് അപകടകരമാണ്. എന്നാൽ ഗവർണറുടെ ജനാധിപത്യവിരുദ്ധ നിലപാടിനെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും പിന്തുണയ്ക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെ കാലുമാറുന്ന കോൺഗ്രസ് നേതാക്കളുടെ ശൈലിയാണ് ഇരുവരും സ്വീകരിക്കുന്നത്. കോൺഗ്രസിനകത്ത് പൂർണ പിന്തുണ ഇതിന് ലഭിച്ചില്ല എന്നത് ആശ്വാസമാണ്.
പാർലമെന്റ് നിശബ്ദമാക്കപ്പെട്ടുവെന്നതാണ് ബിജെപി ഭരണത്തിന്റെ പ്രധാന നേട്ടം. പാർലമെന്റിൽ ആർഎസ്എസ് പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുക മാത്രമാണ് . എതിർശബ്ദങ്ങൾ ഇല്ലാതാക്കാനാണ് ശ്രമം. എതിരഭിപ്രായം ഉന്നയിക്കുന്നവരെ സസ്പെൻഡ് ചെയ്യുന്നതാണ് പുതിയ പാർലമെന്റ് രീതി. എകെജിയുടെ പാർലമെന്റ് പ്രസംഗം സസൂക്ഷ്മം കേട്ടിരുന്ന നെഹ്റു എന്ന പ്രധാനമന്ത്രി ഉണ്ടായിരുന്ന രാജ്യത്താണ് പാർലമെന്റ് നിശബ്ദമാകുന്നതെന്നും വിജയരാഘവൻ പറഞ്ഞു.