തിരുവനന്തപുരം > സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ കിഫ്ബി ധനസഹായത്തോടെ നടക്കുന്ന നിർമാണപ്രവൃത്തികളിൽ പുരോഗതി നേടാത്ത വിവിധോദ്ദേശ്യ കമ്പനികളെ (എസ്പിവി) മാറ്റുന്നത് ആലോചിക്കുമെന്ന് മന്ത്രി വീണാ ജോർജ്. ആരോഗ്യമേഖലയിലെ വിവിധ പദ്ധതികളുടെ പ്രവൃത്തി പുരോഗതി മന്ത്രിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വിലയിരുത്തി. ആശുപത്രികളിൽ നടക്കുന്ന നിർമാണങ്ങൾ വേഗത്തിലാക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനും മന്ത്രി നിർദേശം നൽകി.
ആശുപത്രികളുടെ വികസനം എത്രയും വേഗം സാധ്യമാക്കുന്നതിന് നിർമാണപ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണം. നിർമാണപ്രവൃത്തികൾക്ക് തടസ്സമായ വിഷയങ്ങൾ ഇടപെട്ട് പരിഹരിക്കണം. ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളുടെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മെഡിക്കൽ കോളേജുകളുടെയും വ്യത്യസ്ത യോഗങ്ങളാണ് കൂടിയത്. വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ നടപ്പാക്കിവരുന്ന വികസനപദ്ധതികളുടെ നിർമാണച്ചുമതലയുള്ള ഇൻകൽ, കെഎച്ച്ആർഡബ്ല്യുഎസ്, കെഎസ്ഇബി, ബിഎസ്എൻഎൽ, കിറ്റ്കോ, ഹൈറ്റ്സ് എന്നിവയുമായാണ് മന്ത്രി ചർച്ച നടത്തിയത്. നിർമാണപ്രവൃത്തികളിലെ കാലതാമസം ഒഴിവാക്കാൻ കൃത്യമായി ഇടപെടണമെന്ന് മന്ത്രി നിർദേശം നൽകി.
കാസർകോട് ജില്ലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിർമാണപ്രവൃത്തികൾ അടിയന്തര പ്രാധാന്യത്തോടെ പൂർത്തിയാക്കണം. പുതുതായി അനുമതി ലഭ്യമായ കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകളിലെ ഹോസ്റ്റൽ കെട്ടിടം സമയബന്ധിതമായി പൂർത്തിയാക്കാനും മന്ത്രി നിർദേശം നൽകി. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. മീനാക്ഷി, കിഫ്ബി ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.