തിരുവനന്തപുരം > ആർഎസ്എസിന് വേണ്ടി ഗവർണർ കുഴലൂത്ത് പണി നടത്തുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 9 വൈസ് ചാൻസിലർമാരോട് രാജി സമർപ്പിക്കാനാവശ്യപ്പെട്ട ഗവർണറുടെ നടപടിക്കെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സമഘടിപ്പിച്ച പ്രതിഷേധം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം വി ഗോവിന്ദൻ.
രണ്ടു ദിവസത്തെ പ്രതിഷേധ പരിപാടിയിലൂടെ അവസാനിക്കുന്നതല്ല ഗവർണർക്കെതിരേയുള്ള പ്രതിഷേധം. സാർവത്രിക വിദ്യാഭ്യാസം നേടിയ ഒരേ ഒരു സംസ്ഥാനമാണ് കേരളം. യുഡിഎഫ് ഭരണ കാലത്ത് പല സ്കൂളുകളും പൂട്ടാനുള്ള തീരുമാനമുണ്ടായി. കഴിഞ്ഞ 5 വർഷം കിഫ്ബി സഹായത്തോടെ എൽഡിഎഫ് സർക്കാർ സംസ്ഥാനത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യം വർധിപ്പിച്ചു. പൊതു വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം കൂടി. പൊതുവിദ്യാഭ്യാസ മേഖല വലിയ രീതിയിൽ മുന്നേറുകയാണ്. കേരളത്തെ വിജ്ഞാന സമൂഹമാക്കാനാണ് ലക്ഷ്യം. തൊഴിലില്ലായ്മ പരിഹരിക്കാൻ പദ്ധതികളൊരുക്കി.
ചില മാധ്യമങ്ങളെ ഗവർണർ വിലക്കിയത് ഫാസിസമാണ്. താൻ പറയുന്നത് അക്ഷരം പ്രതി കേൾക്കുന്നവരെ മാത്രം വാർത്താ സമ്മേളനത്തിന് ക്ഷണിച്ചു. രാജ്യത്ത് കേട്ടുകേൾവിയില്ലാത്തതാണ് നടന്നത്. ജനങ്ങൾ ഇത് ഗൗരവത്തോടെ കാണണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.