പാലക്കാട്> വർഗീയതയ്ക്ക് അടിപ്പെടുന്ന ഹീന മനസുകളെ പൂർണമായും ഒറ്റപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് വർഗീയ വിരുദ്ധ റാലി ഉദ്ഘാടനവും രക്തസാക്ഷി ഷാജഹാൻ കുടുംബസഹായ ഫണ്ട് കൈമാറലും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മയക്കുമരുന്നിന് മാത്രമല്ല വർഗീയതയ്ക്കും നമുക്കിടയിൽ സ്ഥാനമില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കണം. ദീപാവലി ദിവസം മത്സ്യമാംസാദികൾ ഭക്ഷിക്കുന്നവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കാൻ സംഘപരിവാർ ആർഎസ്എസ് സംഘം രാജ്യത്തിന്റെ പലഭാഗങ്ങളിൽ ശ്രമിക്കുമ്പോൾ ഇവിടെ കേരളത്തിൽ ലഹരി മുക്ത നാടിനായി നാമൊന്നിച്ച് ദീപം തെളിയിക്കുന്നു. ഈ കുട്ടായ്മയിലൂടെ നമുക്ക് വർഗീയതയെയും പുറത്താക്കാം.
രാജ്യത്തിന് മുന്നിൽ ആപൽക്കരമായി വർഗീയത മാറുന്നു. രാജ്യത്തിന്റെ ഭരണാധികാരികൾ മതനിരപേക്ഷത ഇല്ലായ്മ ചെയ്ത് വർഗീയതയെ പ്രോത്സാഹിപ്പിക്കാനും പരിപോഷിപ്പിക്കാനും ശ്രമിക്കുന്നു. അതിന്റെ ഭാഗമായി ഏതറ്റം വരെയും പോകുന്നതിന് തയ്യാറാകുന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ആർഎസ്എസ് നയങ്ങളാണ് ബിജെപി നടപ്പാക്കുന്നത്. ആർഎസ്എസ് എല്ലാ ഘട്ടത്തിലും മതനിരപേക്ഷതയ്ക്ക് എതിരാണ്. നമ്മുടെ രാജ്യത്തെ മതാതിഷ്ഠിതമാക്കി മാറ്റാൻ ശ്രമിക്കുന്നു.
രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായി അവർ കാണുന്നത് മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യൻ മുസ്ലിം വിഭാഗങ്ങളെയും കമ്യൂണിസ്റ്റുകാരെയുമാണ്. ആർഎസ്എസുകാർ ഗുരുജിയായി കണക്കാക്കുന്ന ഗോൾവാൾക്കർ രേഖപ്പെടുത്തി വച്ചിരിക്കുന്നതും ഇതാണ്. ഹിറ്റ്ലർ ആഭ്യന്തര ശത്രുക്കളായ ജൂതന്മാരെയും കമ്യൂണിസ്റ്റുകളെയും ഉന്മൂലനം ചെയ്യാൻ സ്വീകരിച്ച നടപടികളാണ് ആർഎസ്എസ് മാതൃകയാക്കുന്നത്. മത ന്യൂനപക്ഷങ്ങൾക്കുനേരെ നടന്ന എല്ലാ കലാപങ്ങളും അതിന്റെ ഭാഗമായിട്ടുള്ളതാണ്. പൗരത്വം മതാതിഷ്ടിതമായിരിക്കും എന്ന് പ്രഖ്യാപിച്ച് പൗരത്വനിയമം പാസാക്കി. മതന്യൂനപക്ഷങ്ങൾ ഇതോടെ ഭയപ്പാടിലായി.
പാർടിയെ ദുർബലമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആർഎസ്എസ്–- സംഘപരിവാർ ശക്തികൾ കൊലപാതകങ്ങൾ നടത്തുന്നത്. ഷാജഹാൻ കൊലക്കത്തിക്ക് ഇരയാവുന്ന അവസാനത്തെ ആളാകുമെന്ന് പറയാനാവില്ല. സഖാക്കളെ കൊലപ്പെടുത്തുമ്പോൾ പാർടിയ്ക്ക് തകർച്ചയുണ്ടാകുമെന്ന് അവർ കണക്കു കൂട്ടുന്നു. വേർപെട്ടുപോയവരുടെ ഓർമകൾ കരുത്താക്കി മാറ്റി കൂടുതൽ കരുത്തോടെ പാർടിയെ വളർത്തുകയാണ് ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.