കളമശേരി> ഇന്ദിരാഗാന്ധിക്ക് പതിമൂന്നാം ജന്മദിന സമ്മാനമായി നൈനി സെൻട്രൽ ജയിലിൽനിന്ന് അച്ഛൻ ജവാഹർലാൽ നെഹ്റു അയച്ച കത്തിന് നർത്തകി രേഷ്മ യു രാജ് നൃത്തഭാഷ്യമൊരുക്കി. ‘ബർത്ത്ഡേ ലെറ്റർ’ എന്ന് പേരിട്ട 10 മിനിട്ട് ദൈർഘ്യമുള്ള നൃത്തം യുട്യൂബിൽ പ്രകാശിപ്പിച്ചു. 1930ൽ, ഇന്ദിരാഗാന്ധിയുടെ പതിമൂന്നാം പിറന്നാൾദിനമായ നവംബർ 19ന് കിട്ടാനായി നെഹ്റു ഒക്ടോബർ 26ന് എഴുതിയതാണ് കത്ത്. സംസ്ഥാന സിലബസിലെ അഞ്ചാംക്ലാസ് ഇംഗ്ലീഷ് പാഠപുസ്തകത്തിൽ ഇത് ഉൾപ്പെടുന്ന ഭാഗത്തെ ആസ്പദമാക്കിയാണ് രേഷ്‌മ കുച്ചിപ്പുഡി നൃത്തം തയ്യാറാക്കിയത്.
കൗമാരക്കാരിയായിരുന്ന പ്രസിദ്ധ പോരാളി ജോവാൻ ഓഫ് ആർക്കിനെ ആരാധിക്കുന്ന ഇന്ദിര എന്ന കൗമാരക്കാരിക്ക്, ഒന്നും ഒളിക്കരുത് എന്ന സന്ദേശമുയർത്തി എഴുതിയതാണ് കത്ത്. എല്ലാ കൗമരക്കാർക്കുമുള്ള സന്ദേശമുൾക്കൊള്ളുന്ന കത്തിന്റെ കാലികപ്രസക്തി മനസ്സിലാക്കിയാണ് രേഷ്മ ഇത് നൃത്തവിഷയമാക്കിയത്.
നൃത്താവതരണത്തിന് വേറിട്ട വിഷയങ്ങൾ തേടുന്ന രേഷ്മ യു രാജ് നേരത്തേ കെവിൻ കാർട്ടറുടെ പ്രശസ്ത ചിത്രം ‘ദ വൾച്ചർ ആൻഡ് ദ ലിറ്റിൽ ഗേൾ’, സുഗതകുമാരിയുടെ കവിത, ‘കണ്ണന്റെ അമ്മ’ തുടങ്ങിയവയ്‌ക്കും നൃത്തഭാഷ്യമൊരുക്കി. ടിസിഎസ് ജീവനക്കാരിയായ ഇവർ ജോലി ചെയ്യുന്ന സ്ഥാപനത്തെക്കുറിച്ചും നൃത്തം ചിട്ടപ്പെടുത്തിയിരുന്നു. മൂന്നാംവയസ്സുമുതൽ കുച്ചിപ്പുഡി പരിശീലിക്കുന്നുണ്ട്. മോഹിനിയാട്ടം, ഭരതനാട്യം എന്നിവയും അവതരിപ്പിക്കാറുണ്ട്. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം ഡി പി ദിപിൻ ഭർത്താവാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..