പാലക്കാട്> രക്തസാക്ഷി ഷാജഹാന്റെ ഓർമകൾ തുടിച്ചുനിന്ന അന്തരീക്ഷത്തിൽ ആയിരക്കണക്കിന് പാർടി പ്രവർത്തകരുടെ ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങൾക്ക് നടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഷാജഹാന്റെ കുടുംബത്തിന് സഹായം കൈമാറി. പാലക്കാട് ചന്ദ്രനഗർ പാർവതി കല്യാണമണ്ഡപത്തിനു മുന്നിൽ വർഗീയവിരുദ്ധറാലിക്കുശേഷം ചേർന്ന പൊതുസമ്മേളനത്തിലാണ് പുതുശേരി ഏരിയ കമ്മിറ്റി സമാഹരിച്ച 35 ലക്ഷം രൂപ കൈമാറിയത്.
സിപിഐ എം പുതുശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് അധ്യക്ഷനായി. മന്ത്രി എം ബി രാജേഷ്, സിപിഐ എം കേന്ദ്രക്കമ്മിറ്റിയംഗം എ കെ ബാലൻ, ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ രാജേന്ദ്രൻ, എൻ എൻ കൃഷ്ണദാസ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ പ്രഭാകരൻ, പി മമ്മിക്കുട്ടി, ജില്ലാക്കമ്മിറ്റി അംഗങ്ങളായ കെ ബിനുമോൾ, നിതിൻ കണിച്ചേരി എന്നിവർ പങ്കെടുത്തു. മരുതറോഡ് ലോക്കൽ സെക്രട്ടറി
കെ ബി മുരളീധരൻ സ്വാഗതവും പുതുശേരി ഏരിയ കമ്മിറ്റിയംഗം ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. സ്വാതന്ത്ര്യദിന തലേന്ന് രാത്രിയിലാണ് ആർഎസ്എസ്– ബിജെപി ക്രിമിനൽസംഘം കൊട്ടേക്കാട് കുന്നങ്കാട് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്.