കൊച്ചി> ഒമ്പത് സർവകലാശാല വൈസ് ചാൻസലർമാർ തിങ്കളാഴ്ച 11.30 ന് മുമ്പ് രാജിവെച്ച് പദവി ഒഴിയണമെന്ന, കേരള ഗവർണറും ചാൻസലറുമായ ആരിഫ് മൊഹമ്മദ് ഖാൻ്റെ ഭ്രാന്തൻ നിലപാടിനെതിരെ കൊച്ചി സർവകലാശാലയിൽ അവധി ദിവസമായിട്ടും പ്രതിഷേധമിരമ്പി.
സർവകലാശാല ജീവനക്കാരുടെ സംസ്ഥാന കോൺഫെഡറേഷൻ ആഹ്വാനമനുസരിച്ച് ജീവനക്കാർ സർവകലാശാല കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി. സംയുക്ത പ്രതിഷേധയോഗവും നടത്തി. എസ്എഫ്ഐ സംസ്ഥാന നേതാക്കൾ പങ്കെടുത്ത പ്രതിഷേധ മാർച്ചിൽ ഗവർണറുടെ കോലം കത്തിച്ചു.
കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ ജീവനക്കാരും മുൻ ജീവനക്കാരും പങ്കെടുത്തു. കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് എ എസ് സിനേഷ് അധ്യക്ഷനായി. സെക്രട്ടറി പി കെ പത്മകുമാർ, എസ് മോഹനദാസ് (പെൻഷനേഴ്സ് ഫോറം), പ്രജിത് ബാബു (എസ്എഫ്ഐ) എന്നിവർ സംസാരിച്ചു.
എസ്എഫ്ഐ നേതൃത്വത്തിൽ നടന്ന പ്രതിഷേധം സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻ്റ് പ്രജിത് ബാബു, സെക്രട്ടറി അർജുൻ ബാബു തുടങ്ങിയവർ സംസാരിച്ചു.