തൃശൂർ
വൈസ് ചാൻസലർമാരോട് കൂട്ടത്തോടെ രാജിവയ്ക്കാൻ ആവശ്യപ്പെടുന്ന ഗവർണറുടെ നടപടി സർക്കാരിന്റെ പ്രവർത്തനങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. തൃശൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഇതുവരെ കേട്ടുകേൾവിയില്ലാത്ത അസാധാരണ നടപടിയാണ് ഗവർണറുടേത്. ഏകപക്ഷീയമായ ഈ നിലപാടിലൂടെ സർവകലാശാലകളെയും അതുവഴി ഉന്നത വിദ്യാഭ്യാസ മേഖലയെയും അനാഥമാക്കാനുള്ള നീക്കം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
ഉന്നത വിദ്യാഭ്യാസരംഗത്തെ തിളക്കമാർന്ന നേട്ടങ്ങൾക്ക് തടയിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഗവർണറുടെ നടപടി. ഇതേ വൈസ് ചാൻസലർമാരുടെ നേതൃത്വത്തിലാണ് കേരള സർവകലാശാല എ ഡബിൾ പ്ലസും കലിക്കറ്റും കുസാറ്റും കാലടി സർവകലാശാലകളുമൊക്കെ എ പ്ലസും നേടിയത്. അങ്ങനെ നല്ല പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോൾ അതിനെ തടസ്സപ്പെടുത്താൻ വിതണ്ഡാവാദങ്ങൾ ഉന്നയിക്കുന്നത് അപലപനീയമാണെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.