കൊച്ചി> മോദിയുടെ സ്വീകരണത്തിന് ആളെക്കൂട്ടാനാകാതെ എറണാകുളം ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ കളമൊഴിഞ്ഞതിനു പിന്നാലെ പാർടിയിലെ കടം വീട്ടാൻ മാർഗമന്വേഷിച്ച് ചേർന്ന ബിജെപി ജില്ലാ നേതൃയോഗം വ്യക്തമായ തീരുമാനമെടുക്കാതെ പിരിഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലടക്കം പിരിച്ചതും കേന്ദ്രനേതൃത്വം നൽകിയതുമായ ഫണ്ട് എവിടെയെന്ന മണ്ഡലം പ്രസിഡന്റുമാരുടെ ചോദ്യത്തിന് മറുപടിയില്ല. ഉടൻ 30 ലക്ഷം രൂപയുടെ കടം കൊടുത്തുതീർക്കാനുണ്ടെന്നും 28 മണ്ഡലം കമ്മിറ്റിയും കുറഞ്ഞത് ഒരുലക്ഷംരൂപ ഉടൻ പിരിച്ചുനൽകണമെന്നും സംഘടനാ സെക്രട്ടറി എം ഗണേശൻ യോഗത്തിൽ ആവശ്യപ്പെട്ടു. പിരിച്ചതും കേന്ദ്രനേതൃത്വം നൽകിയതുമായ ഫണ്ട് എവിടെയെന്ന മണ്ഡലം പ്രസിഡന്റുമാരുടെ ചോദ്യത്തിന് മറുപടി ഉണ്ടായില്ല. ചർച്ചയും തടഞ്ഞു.
ഫണ്ട് എവിടെപ്പോയെന്ന ചർച്ച പിന്നീടാകാമെന്ന് സംസ്ഥാന നേതൃത്വം നിലപാടെടുത്തു. കടം വീട്ടാൻ പിരിക്കാൻ ഇറങ്ങില്ലെന്ന നിലപാടെടുത്താണ് പകുതിയോളം മണ്ഡലം പ്രസിഡന്റുമാർ മടങ്ങിയത്. നവംബർ പതിനഞ്ചിനകം പിരിച്ചുനൽകാനാണ് നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. മൂന്നുമാസമാണ് താൽക്കാലിക പ്രസിഡന്റിന്റെ കാലാവധി. ഇതിനും ഗ്രൂപ്പുകൾ കടുത്ത മത്സരത്തിലാണ്. ഏഴുപേരാണ് ജില്ലാ അധ്യക്ഷസ്ഥാനത്തിനായി രംഗത്തുള്ളത്. നിലവിലെ ജില്ലാ ജനറൽ സെക്രട്ടറി കെ എസ് ഷൈജുവിനുവേണ്ടി സുരേന്ദ്രൻപക്ഷം വാദിക്കുമ്പോൾ സി ജി രാജഗോപാലിനുവേണ്ടി കുമ്മനം രാജശേഖരനും കെ എസ് രാധാകൃഷ്ണനും രംഗത്തുണ്ട്. എം എ ബ്രഹ്മരാജിനെ കൃഷ്ണദാസ്പക്ഷം നിർദേശിക്കുമ്പോൾ കേന്ദ്രമന്ത്രി മുരളീധരന്റെ പിന്തുണയോടെ എസ് സജിയും ശ്രമിക്കുന്നു.