കൊച്ചി > വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് പണം തട്ടിയ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. എളമക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇടപ്പള്ളി സ്വദേശി ഗിരീഷിന്റെ (48) ജാമ്യാപേക്ഷയാണ് എറണാകുളം സെഷൻസ് ജഡ്ജ് ഷിബു തോമസ് തള്ളിയത്.
സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം നടന്ന വിവാഹത്തിന്റെ അപേക്ഷയുടെ കോളത്തിൽ അവിവാഹിതൻ എന്നാണ് പ്രതി ചേർത്തിരുന്നത്. വിവാഹമോചിതയായ സ്ത്രീയെയാണ് ഇയാൾ രണ്ടാം വിവാഹം ചെയ്തത്. യുവതിയുടെ വീട്ടുകാരുടെ സമ്മതപ്രകാരമായിരുന്നു വിവാഹം നടന്നത്. ഈ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. ഒന്നരക്കോടിയോളം രൂപ ഗിരീഷ് ഇവരിൽനിന്നും കൈക്കലാക്കിയതായി പൊലീസ് പറയുന്നു. കൂടാതെ ഇവരുടെ പേരിലുള്ള ചെക്ക് പലർക്കും നൽകി പറ്റിച്ചു. 2017 ലായിരുന്നു വിവാഹം.
യുവതിയുടെ പരാതിയിൽ കഴിഞ്ഞ പത്തിനാണ് ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പരാതി വ്യാജമാണെന്നും ഒരു വിവാഹം മാത്രമേ ചെയ്തിട്ടുള്ളുവെന്നും പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ പാസ്പോർട്ടിൽ ഉള്ളത് ആദ്യ ഭാര്യയുടെ പേരാണെന്നത് അടക്കമുള്ള തെളിവുകൾ പ്രേസിക്യൂഷൻ ഹാജരാക്കി. പേരാമ്പ്ര സ്വദേശിയായ ആദ്യഭാര്യയുടെയും അമ്മയുടെയും മൊഴിയും കോടതിയിൽ ഹാജരാക്കി. ഇയാൾ വേറെയും വിവാഹം ചെയ്തതയായി സംശയമുണ്ട്.
ജാമ്യം അനുവദിച്ചാൽ കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും, പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രായമായ അമ്മയ്ക്കും രണ്ട് കുട്ടികളോടുമൊപ്പം താമസിക്കുന്ന പരാതിക്കാരിയെ അപായപ്പെടുത്തുമെന്നും പ്രതിയുടെ ഭീഷണിയുണ്ട്. പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്ത് കോടതി ജാമ്യം നിരസിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി ടി പി രമേഷും, എം ഡി സുനിയും ഹാജരായി.















