തിരുവനന്തപുരം
തൊണ്ണൂറ്റൊമ്പത് വയസ്സ് പൂർത്തിയായ മുതിർന്ന സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് ആശംസാപ്രവാഹം. വ്യാഴാഴ്ച മകന്റെ ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ആശംസകളെത്തി. മകൻ വി എ അരുൺകുമാറിന്റെ ബാർട്ടൺഹില്ലിലെ വസതിയിൽ പൂർണ വിശ്രമത്തിലാണ് അദ്ദേഹം.പതിവുപോലെ പ്രത്യേക ആഘോഷമുണ്ടായില്ല. പായസംവച്ചും കേക്ക് മുറിച്ചും കുടുംബാംഗങ്ങൾ ആഘോഷിച്ചു. അണുബാധ ഉണ്ടാകാതിരിക്കാൻ സന്ദർശകരെ അനുവദിച്ചില്ല.
സിപിഐ എം അവെയ്ലബിൾ പിബിക്കു ശേഷം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും എം എ ബേബിയും മകന്റെ ഫോണിൽ വിളിച്ച് വി എസിന് പൊളിറ്റ് ബ്യൂറോയുടെ ജന്മദിനാശംസ അറിയിച്ചു. പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, മന്ത്രി പി രാജീവ്, എ കെ ആന്റണി, ജി സുധാകരൻ, ഷാജി എൻ കരുൺ തുടങ്ങിയവരും ആശംസിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ വി എസിന്റെ ചിത്രം പങ്കുവച്ച് ആശംസ നേർന്നു.
നൂറാം വയസ്സിലേക്ക് കടക്കുന്ന വി എസിന് കേരളത്തിലെ ജനങ്ങൾക്കൊപ്പം ആരോഗ്യവും സന്തോഷവും നേരുന്നതായി ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ട്വീറ്റ് ചെയ്തു. സ്പീക്കർ എ എൻ ഷംസീർ, വി കെ പ്രശാന്ത് എംഎൽഎ, പന്ന്യൻ രവീന്ദ്രൻ, സി ദിവാകരൻ എന്നിവർ വീട്ടിലെത്തി ആശംസ അറിയിച്ചു. ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജിലെ വിദ്യാർഥികളും അധ്യാപകരും വീട്ടിലെത്തി ബൊക്കെ കൈമാറി.
ആലപ്പുഴ പുന്നപ്ര വെന്തലത്തറ വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ ഇരുപതിനായിരുന്നു വി എസിന്റെ ജനനം.