കൊച്ചി
അധ്യാപികയെ ബലാത്സംഗം ചെയ്തകേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ പെരുമ്പാവൂരിലെ വീട്ടിലും കളമശേരിയിലെ സുഹൃത്തിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് തെളിവെടുത്തു. പരാതിക്കാരിയുമായി പകൽ 12.25നാണ് തിരുവനന്തപുരത്തുനിന്നുള്ള ക്രൈംബ്രാഞ്ച് സംഘം പുല്ലുവഴി ജയകേരളം ഹയർ സെക്കൻഡറി സ്കൂളിനുപിന്നിലുള്ള എംഎൽഎയുടെ വീട്ടിലെത്തിയത്. മൂന്നരമണിക്കൂർ തെളിവെടുത്തു. ഇനി അപകീർത്തിപ്പെടുത്തരുതെന്ന് അഭ്യർഥിക്കാൻ സെപ്തംബർ 10ന് ഈ വീട്ടിലെത്തിയപ്പോൾ എംഎൽഎയും സുഹൃത്തുക്കളും ഉണ്ടായിരുന്നതായി അധ്യാപിക അന്വേഷകസംഘത്തിന് മൊഴി നൽകി . ചർച്ചയ്ക്കുശേഷം എംഎൽഎ കടന്നുപിടിച്ചു. എതിർത്തപ്പോൾ മർദിച്ചു. പിടിവലിയിൽ എംഎൽഎയുടെ മുഖത്തും കഴുത്തിലും മുറിവുണ്ടായി. ഈ മുറിപ്പാടുമായാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ എംഎൽഎ വോട്ട് ചെയ്യാൻ എത്തിയത്.
അന്ന് വീട്ടിൽ സിസിടിവി ഇല്ലായിരുന്നെന്നും യുവതി മൊഴിനൽകി. എംഎൽഎയും സ്റ്റാഫുമാണ് വീട്ടിലുണ്ടാകാറുള്ളത്. ഭാര്യ മൂവാറ്റുപുഴയിലെ വീട്ടിൽനിന്ന് വല്ലപ്പോഴും മാത്രമാണ് ഇവിടെ വരുന്നതെന്നും അയൽവാസികൾ പറഞ്ഞു. 10 ദിവസമായി വീട് അടഞ്ഞുകിടക്കുകയായിരുന്നു.
എന്നാൽ, തെളിവെടുക്കാൻ വരുമെന്നറിഞ്ഞതോടെ ചൊവ്വ രാത്രി എംഎൽഎയുടെ ഡ്രൈവർ ബി കെ അഭിജിത് വീട് തുറന്നു. ഇത് തെളിവ് നശിപ്പിക്കാനാണെന്ന് സംശയമുണ്ട്. ബുധൻ രാവിലെ ഒമ്പതിന് വാർത്താലേഖകർ എത്തുമ്പോഴും ഇയാൾ ഇവിടെ ഉണ്ടായിരുന്നു. കളമശേരി പൈപ്പുലൈൻ റോഡിൽ പള്ളിലാങ്കരയിലെ പഴയ ഷാപ്പിനുസമീപത്തെ വീട്ടിലും പരിശോധന നടത്തി. പെരുമ്പാവൂർ സ്വദേശി ബീവിജയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. നിലവിൽ ആൾത്താമസമില്ല. എൽദോസ് കുന്നപ്പിള്ളിയുടെ സുഹൃത്താണിവർ. പലതവണ എംഎൽഎ ഇവിടെ വന്നിട്ടുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുവേളയിലും വന്നിരുന്നതായി നാട്ടുകാർ പറയുന്നു.