നെടുമ്പാശേരി> അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള അനധികൃത സ്വർണ്ണക്കടത്ത് തടയാൻ എയർ കസ്റ്റംസ് നടപടികൾ കൂടുതൽ ശക്തമാക്കിയതോടെ കസ്റ്റംസിനെ കബളിപ്പിക്കാൻ പുതിയ രീതി പരീക്ഷിച്ച യാത്രക്കാരൻ കസ്റ്റംസ് പരിശോധനയിൽ കുടുങ്ങി. ഈ മാസം 10ന് ദുബായിൽ നിന്നും (എസ് ജി 54) സ്പൈസ് ജെറ്റിൽ നെടുമ്പാശ്ശേരിയിൽ എത്തിയ തൃശ്ശൂർ സ്വദേശിയായ ഫഹദ് (26) ആണ് സ്വർണ്ണം കടത്താൻ പുതിയ രീതി പരീക്ഷിച്ച് കസ്റ്റംസിന്റെ വലയിലായത്.
ദ്രാവക രൂപത്തിലുള്ള സ്വർണ്ണത്തിൽ തോർത്തുകൾ (ബാത്ത് ടൗവ്വലുകൾ) മുക്കിയെടുത്തശേഷം ഇവ നന്നായി പായ്ക്ക് ചെയ്ത് സ്വർണ്ണം കടത്താനാണ് ഫഹദ് ശ്രമിച്ചത്. എന്നാൽ പരിശോധനയിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിലെ തോർത്തുകൾക്ക് നനവ് ഉള്ളതായി കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി.ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ എയർപോർട്ടിലേക്ക് പുറപ്പെടും മുൻപ് കുളിച്ച താണെന്നും തോർത്ത് ഉണങ്ങാൻ സമയം ലഭിച്ചില്ലെന്നുമാണ് ഇയാൾ മറുപടി നൽകിയത്.എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇത് വിശ്വസിച്ചില്ല.തുടർന്ന് വിശദമായി പരിശോധന നടത്തിയതോടെ സമാന രീതിയിൽ കുടുതൽ തോർത്തുകൾ കണ്ടെത്തി.ഇതോടെയാണ് സ്വർണ്ണക്കടത്തിനായി ഉപയോഗിച്ച പുതിയ മാർഗ്ഗത്തിന്റെ ചുരുൾ അഴിഞ്ഞത്.സ്വർണ്ണത്തിൽ മുക്കിയ അഞ്ചു തോർത്തുകളാണ് (ബാത്ത് ടൗവ്വലുകൾ) എയർ കസ്റ്റംസ് ഇയാളുടെ ബാഗിൽ നിന്നും പിടിച്ചെടുത്തത്.
ഈ തോർത്തുകളിൽ എത്ര സ്വർണ്ണം ഉണ്ടാകുമെന്നു കൃത്യമായി പറയാൻ കുറച്ചു ദിവസങ്ങൾ കൂടിയെടുക്കുമെന്നും ശാസ്ത്രീയമായ രീതിയിലുള്ള പരിശോധനകൾ തുടരുകയാണെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു. അതി സങ്കീർണമായ മാർഗ്ഗം ഉപയോഗിച്ചാണ് ഇതിൽ നിന്നും സ്വർണം വേർതിരിച്ചെടുക്കുന്നതെന്നും സുരക്ഷാ കാരണങ്ങളാൽ ഇത് വെളിപ്പെടുത്താൻ കഴിയില്ലെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.ആദ്യമായിട്ടാണ് ഇത്തരത്തിൽ സ്വർണ്ണം കടത്തുന്നതെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു.