തിരുവനന്തപുരം> ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയോടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്രന്യുന മർദ്ദമായും തിങ്കളോടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റായും മാറുമെന്നാണ് സൂചന. ചുഴലിക്കാറ്റ് ചൊവ്വാഴ്ച പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് തീരത്തിനടുത്തെത്തും. തെക്കു കിഴക്കൻ അറബികടലിൽ കേരള തീരത്തിനു സമീപമായി ചക്രവാതച്ചുഴിയുമുണ്ട്. ഇവയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് വ്യാപക മഴ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരങ്ങളിൽ ജാഗ്രത തുടരണം. കേരള തീരത്ത് വെള്ളിയും ലക്ഷദ്വീപ് തീരത്ത് ഞായർ വരെയും മീൻപിടിത്തത്തിനു പോകരുത്. കർണാടക തീരത്ത് തടസ്സമില്ല.