തിരുവനന്തപുരം> ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം. കർശന ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷണൽ സെഷന്‍സ് കോടതി എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ടുപോകരുത്, ഫോണും പാസ്പോര്‍ട്ടും ഹാജരാക്കണം, മറ്റന്നാള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.
അധ്യാപികയെ പീഡിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവ് എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് 376 (2) എൻ വകുപ്പ് ചുമത്തിയത്. സ്ത്രീയെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്യുന്ന കേസുകളിലാണ് ഈ വകുപ്പ് ചുമത്തുന്നത്.
പത്തുവർഷമായി പരിചയമുണ്ടായിരുന്ന തന്നെ എംഎൽഎ നിരവധി തവണ പീഡിപ്പിച്ചതായി യുവതി വഞ്ചിയൂർ കോടതിയിലെ മജിസ്ട്രേട്ടിനു മുന്നിൽ മൊഴി നൽകിയിരുന്നു. വിവാഹവാഗ്ദാനം നൽകി തിരുവനന്തപുരത്തെ പള്ളിയിൽ എത്തിച്ച് സ്വർണക്കുരിശു മാല ചാർത്തി. പിന്നീട് വീട്ടിൽ അതിക്രമിച്ചു കയറിയും പലയിടങ്ങളിൽ എത്തിച്ചും എംഎൽഎ ബലാത്സംഗം ചെയ്തെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബലാത്സംഗക്കുറ്റം ചുമത്തിയത്